ഐഎന്‍എല്‍ പിന്തുണ കോണ്‍ഗ്രസിന്
ബാംഗ്ലൂര്‍: തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുന്ന മതേതര പാര്‍ട്ടികള്‍ക്ക് ഐഎന്‍എല്‍ പിന്തുണ നല്‍കുമെന്ന് ഐഎന്‍എല്‍ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ട് പറഞ്ഞു.
അധികാരത്തിന് വേണ്ടിയുള്ള മത്സരത്തില്‍ മെച്ചപ്പെട്ട പാര്‍ട്ടിയെ തിരഞ്ഞെടുക്കാനുള്ള അവസരം മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ വോട്ടര്‍മാര്‍ക്കുള്ളൂ. അതുകൊണ്ടുതന്നെ മറ്റ് പരാജയങ്ങളുണ്ടെങ്കിലും മതേതര-ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസാണ് മെച്ചപ്പെട്ട പാര്‍ട്ടി.
അതേ സമയം കോണ്‍ഗ്രസിനെ പിന്തുണക്കുന്നുണ്ടെങ്കിലും അവരുമായി ഐഎന്‍എല്‍ തിരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടില്ലെന്ന് സേട്ട് വ്യക്തമാക്കി.
ഹിഡണ്‍ അജണ്ടയുമായി പ്രവര്‍ത്തിക്കുന്ന വര്‍ഗീയ ഫാസിസ്റ് പാര്‍ട്ടിയായ ബിജെപി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ബിജെപി അധികാരത്തിലെത്തുകയാണെങ്കില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് യാതൊരു സംരക്ഷണവും ഉണ്ടാവില്ല.
ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ ഒരു സംഘ്പരിവാര്‍ സര്‍ക്കാരായിരിക്കും നിലവില്‍വരിക. അതോടെ മതേതരത്വവും ജനാധിപത്യവും കുഴിച്ചുമൂടപ്പെടും. സമാധാനപരമായ സഹകരണത്തിന് പകരം സാമുദായിക വിഭജനമാണ് പിന്നെ നിലനില്‍ക്കുക.
പി. വി. നരസിംഹറാവുവിന്റെ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും റാവുവിനെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തെ എതിര്‍ക്കുമെന്നും സേഠ് പറഞ്ഞു.
ബിജെപിയില്‍ ചേര്‍ന്ന മുസ്ലിം നേതാക്കളെ ആ പാര്‍ട്ടി വിലയ്ക്കു വാങ്ങിയതാണെന്ന് സേട്ട് ആരോപിച്ചു.












Click it and Unblock the Notifications