വരള്‍ച്ച: 100 കോടി കൂടി അനുവദിച്ചു
തിരുവനന്തപുരം: വരള്‍ച്ചാ ദുരിതാശ്വാസമായി 100 കോടി രൂപ കൂടി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ മൊത്തം വരള്‍ച്ച ദുരിതാശ്വാസം 305 കോടി രൂപയായി.
മാര്‍ച്ച് 24 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.
കാലാവധി കഴിഞ്ഞ അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ പുതുക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കും. ഇതുസംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പ് പ്രതിപക്ഷനേതാവുമായി കൂടിയാലോചന നടത്തും.
കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരതുക എത്രയും പെട്ടെന്ന് കൊടുത്തുതീര്‍ക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രത്തിന് നല്‍കുന്ന പുതിയ നിവേദനത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി വിവിധ ജില്ലകളിലെ കൃഷിനാശം സംബന്ധിച്ച കണക്കുകള്‍ തയ്യറാക്കി സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രൂക്ഷമായ വരള്‍ച്ച സംസ്ഥാനത്തിന് മാത്രമായി നേരിടാനാവില്ല. വരള്‍ച്ചാസ്ഥിതി നേരിടുന്നതിന് കേന്ദ്രസഹായം കൂടിയേ തീരൂ. ഇക്കാര്യത്തില്‍ രാഷ്ട്രീയഭിന്നതകള്‍ മാറ്റിവച്ച് എല്ലാവരും ഒന്നിച്ചുനില്‍ക്കണം.
കുടിവെള്ള വിതരണത്തിനും വിളനാശം മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമെത്തിക്കുന്നതിനും തൊഴില്‍ നഷ്ടപ്പെട്ട തോട്ടം തൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കും സഹായമെത്തിക്കുന്നതിനും മുന്‍ഗണന നല്‍കും. കുടിവെള്ള വിതരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഏല്പിക്കും.
കളക്ടര്‍മാരുടെ നേതൃത്വത്തിലുളള ക്രൈസിസ് മാനേജ്മെന്റ് സമിതികള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല ക്രൈസിസ് മാനേജ്മെന്റ് സംഘം ഈ സമിതികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കും.
നദികളെ ബന്ധിപ്പിക്കുന്നതിനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വൈപ്പാര്‍-പമ്പ-അച്ചന്‍കോവില്‍ ലിങ്ക് പദ്ധതിയെ ഒരു തരത്തിലും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കില്ല. ഈ പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍ കുട്ടനാട് ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലകള്‍ തരിശുനിലങ്ങളായി മാറും.
അന്തര്‍ സംസ്ഥാന നദീജല കരാറുകള്‍ മൂലം ഏറ്റവും കൂടുതല്‍ നഷ്ടം അനുഭവിക്കേണ്ടിവരുന്നത് കേരളമാണ്. 1957 മുതല്‍ സംസ്ഥാനം ഭരിച്ച മന്ത്രിസഭകള്‍ ഈ പ്രശ്നത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതായിരുന്നു. ഏതെങ്കിലും പാര്‍ട്ടിയെയോ മുന്നണിയെയോ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനാവില്ല.
കാവേരി നദിയിലെ വെള്ളത്തിന് 20 ശതമാനം കേരളവും സംഭാവന ചെയ്യുന്നുണ്ടെങ്കിലും കാവേരിവെള്ളം സംബന്ധിച്ച തര്‍ക്കത്തില്‍ കേരളത്തിന് യാതൊരു സ്ഥാനവുമില്ലെന്ന ധാരണയാണ് വര്‍ഷങ്ങളായുള്ളത്- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വരള്‍ച്ച കൂടുതല്‍ രൂക്ഷമാവാതിരിക്കുന്നതിന് മണല്‍വാരല്‍ നിര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications