എറണാകുളത്ത് ലിനോ ?
കൊച്ചി: എറണാകുളം ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുകയാണ്. എഡ്വേഡ് എടേഴത്തിനെ മാറ്റി സിമി റോസ്ബെല്‍ ജോണിനെ ആലോചിച്ചിരുന്നെങ്കിലും അതും മാറിയേയ്ക്കുമെന്നാണ് ഇപ്പോള്‍ സൂചന. കഴിഞ്ഞ ഉപ തിരഞ്ഞെടുപ്പില്‍ കരുണാകരന്‍ നിര്‍ദ്ദേശിച്ച ലിനോ ജേക്കബിനേയും ഇപ്പോള്‍ പരിഗണിയ്ക്കുകയാണ്.
മുന്‍ മന്ത്രി എ. എല്‍ ജേക്കബിന്റെ മകന്‍ കൂടിയാണ് ലിനോ ജേക്കബ്. ലിനോയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എ വിഭാഗം തന്നെ ശ്രമങ്ങള്‍ നടത്തുന്നതായാണ് കേള്‍വി.
എഡ്വേഡ് എടേഴത്തിന് പകരം സിമി റോസ്ബെല്‍ ജോണിന്റെ പേര് നിര്‍ദ്ദേശിച്ചത് കെ. കരുണാകരനായിരുന്നു. എന്നാല്‍ സിമി സ്ഥാനാര്‍ഥിയാവുന്നതിനോട് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ മറ്റൊരാളെ പരിഗണിക്കാനായുള്ള അന്വേഷണമാണ് ലിനോയില്‍ ചെന്നുനിന്നിരിക്കുന്നത്. സിമിയ്ക്കെതിരെ പലരും കരു നീക്കുമെന്ന് കരുണാകരന് അറിയാമായിരുന്നു. അപ്പോള്‍ വീണ്ടും എഡ്വേഡിന്റെ പേര് തന്നെ പരിഗണിയ്ക്കപ്പെടുമെന്നതായിരുന്നു കരുണാകരന്റെ ഗൂഢ തന്ത്രം. എന്നാല്‍ ഈ രീതിയില്‍ കാര്യങ്ങള്‍ നീങ്ങുകയാണെങ്കില്‍ ആ തന്ത്രം പൊളിയുമെന്ന് വേണം കരുതാന്‍.
കഴിഞ്ഞ എറണാകുളം ഉപതിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കരുണാകരന്‍ നിര്‍ദേശിച്ച പ്രധാന പേര് ലിനോയുടേതായിരുന്നു. എന്നാല്‍ അവസാനഘട്ടത്തില്‍ എ വിഭാഗക്കാരുടെ പ്രതിനിധി ആയ എം. ഒ. ജോണിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതോടെയാണ് കരുണാകരപക്ഷം ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ പരസ്യമായി തിരിഞ്ഞത്.
ഇത്തവണ ലിനോ സ്ഥാനാര്‍ഥിത്വത്തിനായി അവകാശവാദം ഉയര്‍ത്തിയിരുന്നില്ല. കരുണാകരനുമായി ലിനോയ്ക്ക് പഴയ അടുപ്പമില്ലാത്തതാണ് ഇതിന് കാരണമായി പറയുന്നത്. ഏതായാലും അവകാശവാദം നടത്തിയില്ലെങ്കിലും ലിനോ ഇപ്പോള്‍ ഹൈക്കമാന്റിന്റെ പരിഗണനയിലാണ്. ലിനോയെ സ്ഥാനാര്‍ത്ഥിയാക്കി അദ്ദേഹത്തെ വീണ്ടും കരുണാകരനില്‍ നിന്നും അകറ്റാമെന്നതാണ് എ വിഭാഗത്തിന്റെ ഇപ്പോഴത്തെ തന്ത്രം.
കോഴിക്കോട് എം. പി. വീരേന്ദ്രകുമാറിനെ എതിരിടാന്‍ മാത്രം ശക്തനായ സ്ഥാനാര്‍ഥിയല്ലെന്നതിനാല്‍ വി. ബലറാമിനെ ഒഴിവാക്കാന്‍ നീക്കമുണ്ടെന്നും അറിയുന്നുണ്ട്.


Click it and Unblock the Notifications