വിദേശ മലയാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം
കോഴിക്കോട്: നിയമപരമായ തെളിവെന്ന നിലയില്‍ ഉപയോഗിക്കുന്നതിന് വിദേശ മലയാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ അനുവദിക്കണമെന്ന് വിദേശമലയാളികളുടെ സംഘടനയായ ഖത്തര്‍ മലബാര്‍ അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാാരിനോട് ആവശ്യപ്പെട്ടു.
തിരിച്ചറിയലിനുള്ള തെളിവിന്റെ പേരില്‍ വിദേശ മലയാളികള്‍ പല പ്രശ്നങ്ങളും നേരിടുന്ന സാഹചര്യത്തില്‍ വിദേശ മലയാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കേണ്ടത് അത്യാവശ്യമായി തീര്‍ന്നിരിക്കുകയാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഇ. കരീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് അസോസിയേഷന്‍ നേരത്തെ പ്രവാസിക്ഷേമമന്ത്രി എം. എം. ഹസ്സന് കത്തയച്ചിരുന്നു.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് പാസ്പോര്‍ട്ട് നഷ്ടപ്പെടുകയും മറ്റും ചെയ്യുന്ന സാഹചര്യത്തില്‍ തിരിച്ചറിയലിനുള്ള തെളിവ് നല്‍കുന്നത് വലിയ ബുദ്ധിമുട്ടാണ്. വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാമെങ്കിലും വിദേശ മലയാളികള്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും ഇതിനുള്ള അവകാശം കേന്ദ്രം നിഷേധിക്കുകയാണ്.
എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും വിമാനനിരക്ക് കുറക്കണമെന്ന് കരീം ആവശ്യപ്പെട്ടു.












Click it and Unblock the Notifications