ഈസ്റര്‍ ദിനത്തിലെ പരീക്ഷ: ഹര്‍ജി തള്ളി
കൊച്ചി: സിബിഎസ്ഇയുടെ അഖിലേന്ത്യാ പ്രീ-ഡെന്റല്‍, പ്രീ-മെഡിക്കല്‍ പ്രവേശ പരീക്ഷ ഈസ്റര്‍ ദിനമായ ഏപ്രില്‍ 11ന് നടത്തരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ആന്റണി എം. അമ്പാട്ടാണ് ഹര്‍ജി നല്‍കിയത്. ഈസ്റര്‍ ദിനത്തില്‍ പരീക്ഷ നടത്തുന്നതിലൂടെ ഭരണഘടന അനുവദിക്കുന്ന മതപരമായ അവകാശങ്ങള്‍ ക്രൈസ്തവ സമുദായത്തിന് നിഷേധിക്കുകയാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. പരീക്ഷ മറ്റൊരു ദിവസത്തിലേക്ക് മാറ്റിവയ്ക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.
സുപ്രിം കോടതി ഉത്തരവ് പ്രകാരമാണ് ഏപ്രില്‍ 11ന് പ്രവേശന പരീക്ഷ നടത്താന്‍ നിശ്ചയിച്ചതെന്ന് സിബിഎസ്ഇ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന പരീക്ഷ കേരളത്തില്‍ മാത്രം മറ്റൊരു ദിവസത്തിലേക്ക് മാറ്റിവയ്ക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഈസ്റര്‍ദിനം ഗസറ്റ് പ്രകാരമുള്ള അവധിദിനമല്ലെന്നും സിബിഎസ് ഇ ചൂണ്ടിക്കാട്ടി.
സുപ്രിം കോടതി നിര്‍ദേശ പ്രകാരമാണ് പരീക്ഷാ തീയതി തീരുമാനിച്ചതെന്നതിനാല്‍ ഹൈക്കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്ന് ചീഫ് ജസ്റിസ് എന്‍. കെ. സോധി, ജസ്റിസ് ജി. ശിവരാജന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.












Click it and Unblock the Notifications