കരുണാകരന്റെ നിര്‍ദേശങ്ങള്‍ ഉണ്ണിത്താന്‍ തള്ളി
കൊല്ലം: ഒത്തുതീര്‍പ്പിനായി കെ. കരുണാകരന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കെപിസിസി ജനറല്‍ സെക്രട്ടറി രാജ്മോഹന്‍ ഉണ്ണിത്താന്‍ തള്ളി.
മാര്‍ച്ച് 24 ബുധനാഴ്ച തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ചെന്നൈ മെയിലില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കരുണാകരന്‍ രാജ്മോഹന്‍ ഉണ്ണിത്താന് നിര്‍ദേശങ്ങള്‍ നല്‍കിയത്. ചൊവാഴ്ച നടന്ന ഐ ഗ്രൂപ്പ് യോഗത്തിന്റെ തീരുമാനങ്ങളാണ് കരുണാകരന്‍ ഉണ്ണിത്താനെ അറിയിച്ചത്.
അവ സ്വീകാര്യമല്ലെന്ന് കരുണാകരനെ അറിയിച്ചതായി പിന്നീട് ഉണ്ണിത്താന്‍ വ്യക്തമാക്കി. ചെന്നൈ മെയില്‍ കൊല്ലത്ത് എത്തുന്നതു വരെയായിരുന്നു കൂടിക്കാഴ്ച. ഉണ്ണിത്താന്‍ കൊല്ലത്തിറങ്ങി.
കെ. മുരളീധരനെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയുക, ഇനി മേല്‍ മുരളിയുള്‍പ്പെടെയുള്ള ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കരുത്, കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുക, രാജി വച്ചാല്‍ പ്രശ്നം അച്ചടക്ക സമിതിക്ക് വിടാം എന്നിവയായിരുന്നു നിര്‍ദേശങ്ങള്‍.
കരുണാകരന്റെ നിര്‍ദേശങ്ങള്‍ തള്ളിയതായി ഉണ്ണിത്താന്‍ പറഞ്ഞു. തന്റെ ആരോപണങ്ങളെ കുറിച്ച് അച്ചടക്ക സമിതി അന്വേഷിക്കണമെന്നും ഇക്കാര്യത്തില്‍ കരുണാകരനെ അനുസരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications