കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിച്ചന്‍ വീണ്ടും സിപിഎംകാര്‍ക്കെതിരെ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണ സംഘത്തിന് മുന്നില്‍ അബ്കാരി കരാറുകാരനായ മണിച്ചന്‍ നടത്തിയ കുറ്റസമ്മതത്തില്‍ ചില സിപിഎം നേതാക്കള്‍ക്കെതിരായ വെളിപ്പെടുത്തലുകളുണ്ടെന്ന് അറിയുന്നു.

മുന്‍മന്ത്രി ടി. കെ. രാമകൃഷ്ണന്‍, പി. ശശി, കോലിയക്കോട് കൃഷ്ണന്‍നായര്‍, ആനത്തലവട്ടം ആനന്ദന്‍, വി. ശിവന്‍കുട്ടി തുടങ്ങിയ സിപിഎം നേതാക്കള്‍ക്കെതിരായ വെളിപ്പെടുത്തലുകളാണ് മണിച്ചന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ നടത്തിയത്.

മുന്‍മുഖ്യമന്ത്രി ഇ. കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിക്ക് വേണ്ടി ഒരു പ്രമുഖ ചലച്ചിത്ര നടിയെ തരപ്പെടുത്തിക്കൊടുക്കാന്‍ ഒരു പ്രാദേശിക സിപിഎം നേതാവ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി മണിച്ചന്‍ വെളിപ്പെടുത്തി.

ചിറയിന്‍കീഴ് ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിനായി എത്തിയ നടി തന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. തന്റെ മകളുമായി നടി പരിചയത്തിലാണ്. ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ഒതുക്കാനായി ഡിവൈഎഫ് ഐ നേതാവിന്റെ സഹായം തേടിയപ്പോഴാണ് നടിയെ തരപ്പെടുത്തിക്കൊടുക്കാന്‍ ആവശ്യപ്പെട്ടത്. തനിക്കാ പണിയില്ലെന്ന് പറഞ്ഞൊഴിഞ്ഞതായി മണിച്ചന്‍ വ്യക്തമാക്കി.

തിരുവനന്തപുരം റെയ്ഞ്ചില്‍ കള്ള് വില്പനയ്ക്കുള്ള കരാറെടുത്തപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ സഹായം തേടിയിരുന്നു. എല്ലാ സഹായവും ചെയ്യാമെന്ന് ശശി പറഞ്ഞിരുന്നു.

മുന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ശിവന്‍കുട്ടി സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള കൈരളി ടിവിക്ക് വേണ്ടി 25 ലക്ഷം രൂപ സംഭാവനയായി ആവശ്യപ്പെട്ടിരുന്നു. 10 ലക്ഷം നല്‍കാമെന്ന് പറഞ്ഞെങ്കിലും 25 ലക്ഷം തന്നെ വേണെമന്ന് ശിവന്‍കുട്ടി നിര്‍ബന്ധം പിടിച്ചതായി മണിച്ചന്‍ വെളിപ്പെടുത്തി.

തന്റെ സഹോദരന്‍ സുനില്‍ദത്ത് മുന്‍മന്ത്രി ടി. കെ. രാമകൃഷ്ണന് പണം നല്‍കിയിരുന്നതായി മണിച്ചന്‍ പറഞ്ഞു. ഉന്നത പൊലീസുദ്യോസ്ഥര്‍ക്കും എക്സൈസ് ഉദ്യോസ്ഥര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും സുനില്‍ദത്ത് പതിവായി പണമെത്തിക്കാറുണ്ടായിരുന്നു. ടി. കെ. രാമകൃഷ്ണന്റെ മകനായ രമേഷ് കുമാര്‍ തന്റെ അക്കൗണ്ടന്റായി ജോലി ചെയ്തിട്ടുണ്ട്.

സിപിഎം നേതാക്കളായ ആനത്തലവട്ടം ആനന്ദനുമായും കോലിയക്കോട് കൃഷ്ണന്‍നായരുമായും തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് മണിച്ചന്‍ വെളിപ്പെടുത്തി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ലതയില്‍ നിന്നും ഒരു തോക്ക് ലൈസന്‍സ് തരപ്പെടുത്തുന്നതിന് കോലിയക്കോട് തന്നെ സഹായിച്ചിട്ടുണ്ട്.

റൂറല്‍ എസ്പിക്ക് ഒരു മാരുതി സെന്‍ കാര്‍ നല്‍കിയിട്ടുണ്ട്. ഐജി രാജീവന് വേണ്ടി 5.5 ലക്ഷത്തിന്റെ കാര്‍ വാങ്ങിയിരുന്നു.

സ്വാമി ശാശ്വതികാനന്ദ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെ പരിചയപ്പെടുത്തിയതിന് ശേഷം പലവട്ടം അദ്ദേഹത്തെ കണ്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് പണമൊന്നും നല്‍കിയിരുന്നില്ല.

അതേ സമയം മണിച്ചന്റെ ആരോപണങ്ങള്‍ ടി. കെ. രാമകൃഷ്ണന്‍ നിഷേധിച്ചു. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് കോടതിയെ സമീപിക്കുമെന്ന് ടി. കെ. രാമകൃഷ്ണന്‍ പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റെന്ന നിലയിലാണ് തന്റെ മകന്‍ മണിച്ചന്റെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതെന്നും വ്യാജമദ്യ വില്പനയെ കുറിച്ച് അറിഞ്ഞതോടെ അത് ഉപേക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X