പറമ്പിക്കുളം-ആളിയാര്‍: നിരാഹാരം നിര്‍ത്തും
പാലക്കാട്: പറമ്പിക്കുളം-ആളിയാര്‍ ജലസംരക്ഷണ സമിതി നേതാക്കള്‍ നടത്തിവന്നിരുന്ന നിരാഹാര സത്യഗ്രഹം അവസാനിപ്പിക്കാന്‍ ധാരണയായി.
മാര്‍ച്ച് 27 ശനിയാഴ്ച ജലസംരക്ഷണ സമിതി നേതാക്കളുമായി മന്ത്രി കെ. ശങ്കരനാരായണന്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും ചര്‍ച്ചയില്‍ പങ്കെടുത്തു. സമരം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനം ശനിയാഴ്ച ജലസംരക്ഷണ സമിതി നടത്തും.
പറമ്പിക്കുളം-ആളിയാര്‍ ഡെത്ത് സ്റോറേജ് വെള്ളം മൂലത്തറ ഡാം വഴി ആര്‍ബിസി, എല്‍ബിസി കനാലിലൂടെ തുറന്നുവിടുമെന്ന് ചര്‍ച്ചക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി ശങ്കരനാരായണന്‍ അറിയിച്ചു. ഒന്നാം കൃഷിക്ക് മുമ്പായി വിദഗ്ധ സമിതിയുമായി ചര്‍ച്ച നടത്തും.
വരള്‍ച്ച മൂലം കൃഷിനാശമുണ്ടായവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.
പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വെള്ളം ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായി ഏപ്രില്‍ ഒന്നിന് തിരുവനന്തപുരത്ത് യോഗം നടക്കും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മന്ത്രിമാര്‍, സമരസമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.












Click it and Unblock the Notifications