കരുണയെ ഉന്മൂലനം ചെയ്യുമെന്ന് പുലികള്‍
കൊളംബോ: തമിഴ് വിമോചന പുലികളുടെ സംഘത്തില്‍ നിന്ന് തെറ്റിപിരിഞ്ഞ മുരളീധരന്‍ എന്ന കേണല്‍ കരുണയെ വധിയ്ക്കുമെന്ന് എല്‍.ടി.ടി.ഇ. വ്യക്തമാക്കി.
കരുണയെ മാത്രമല്ല അയാളുടെ അനുയായികളേയും ഇല്ലാതാക്കാനാണ് പുലികളുടെ തീരുമാനം. കരുണയില്‍നിന്ന് അകന്നുനില്‍ക്കാന്‍ അനുയായികള്‍ക്ക് പുലികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്.
എന്നാല്‍ കരുണയ്ക്കെതിരെ ഉള്ള നീക്കത്തിന് കാത്തിരിയ്ക്കാനാണ് പുലികളുടെ തീരുമാനം. ശ്രീലങ്കയില്‍ ഏപ്രില്‍ രണ്ടിന് നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പുവരെ കാര്യമായ ആക്രമണം ഒന്നും തന്നെ ഉണ്ടാവില്ല. എന്നാല്‍ അതിന് ശേഷം കരുണയ്ക്കെതിരെ കനത്ത ആക്രമണം തന്നെ പുലികള്‍ നടത്തും.
ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് കരുണ പ്രഭാകരന്റെ നേതൃത്ത്വത്തിനെതിരെ ശബ്ദമുയര്‍ത്തിയത്.
കിഴക്കന്‍ ബട്ടിക്കലോവ-അംപാറ മേഖലയുടെ ചുമതലയുണ്ടായിരുന്ന നേതാവായിരുന്നു കരുണ. സംഘടനയിലുണ്ടായ പിളര്‍പ്പിന്റെ ഫലമായി അയ്യായിരത്തോളം പോരാളികള്‍ തന്റെ നേതൃത്വത്തിലുണ്ടെന്ന് കരുണ അവകാശപ്പെടുന്നു. എല്‍.ടി.ടി.ഇ.യുടെ മൊത്തം സൈനിക സംഖ്യയുടെ മൂന്നിലൊന്നു വരുമിത്.
കരുണയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചതായുള്ള പ്രസ്താവന എല്‍.ടി.ടി.ഇ.യുടെ രാഷ്ട്രീയ വിഭാഗമാണ് മാര്‍ച്ച് 25 വ്യാഴാഴ്ച രാത്രി പുറത്തിറക്കിയത്. പ്രാദേശികവാദമുയര്‍ത്തി ബട്ടിക്കലോവ-അംപാറ മേഖലയിലെ തമിഴ്വംശജരെ കബളിപ്പിക്കാന്‍ കരുണയെ എല്‍.ടി.ടി.ഇ. മേധാവി വേലുപ്പിള്ള പ്രഭാകരന്‍ ഇനി അനുവദിക്കില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് കരുണയെ ഉന്മൂലനം ചെയ്യാന്‍ തീരുമാനിച്ചതെന്ന് പ്രസ്താവന പറഞ്ഞു. കരുണയെ ഉപേക്ഷിച്ചു വരുന്നവര്‍ക്ക് മാപ്പുനല്‍കാന്‍ പ്രഭാകരന്‍ ഒരുക്കമാണ്. ഇതിന് വിരുദ്ധമായി ഏതെങ്കിലും പ്രവര്‍ത്തകന്‍ കരുണയ്ക്കൊപ്പം ആയുധമേന്തിയാല്‍, പ്രത്യാഘാതങ്ങള്‍ക്ക് അയാള്‍തന്നെയായിരിക്കും ഉത്തരവാദിയെന്നും പ്രസ്താവന മുന്നറിയിപ്പുനല്‍കി. എല്‍.ടി.ടി.ഇ.യില്‍ വടക്കന്‍ മേഖലയില്‍നിന്നുള്ളവര്‍ക്കേ സ്ഥാനമാനങ്ങള്‍ നല്‍കുന്നുള്ളൂ. കിഴക്കന്‍ മേഖലയില്‍ നിന്നുള്ളവരെ തഴയുന്നു എന്നാരോപിച്ചാണ് കരുണ കലാപമുയര്‍ത്തിയത്.
കരുണയെ എങ്ങനെയാണ് കൈകാര്യംചെയ്യാന്‍ പോകുന്നതെന്നതിന്റെ വിശദാംശങ്ങളുമായി എല്‍.ടി.ടി.ഇ. ആദ്യമായാണ് പരസ്യമായി രംഗത്തുവരുന്നത്. ആയുധമുപേക്ഷിച്ചാല്‍ സാധാരണ ജീവിതം നയിക്കാന്‍ കരുണയെ അനുവദിക്കാമെന്ന് പുലികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആ നിര്‍ദേശം കരുണ തള്ളുകയായിരുന്നു.
കിഴക്കന്‍ ബട്ടിക്കലോവയുടെ അതിര്‍ത്തിയിലേക്ക് നദീമാര്‍ഗം നൂറുകണക്കിന് പുലികളെ എല്‍.ടി.ടി.ഇ. നേതൃത്വം അയച്ചുകഴിഞ്ഞതായി കരുണയുടെ വക്താവ് പറഞ്ഞു. മാത്രമല്ല, എല്‍.ടി.ടി.ഇ.യുടെ രഹസ്യാന്വേഷണ വിദഗ്ദ്ധരും കിഴക്കന്‍ മേഖലയില്‍ എത്തിയതായി വിമതര്‍ പറയുന്നു.












Click it and Unblock the Notifications