റോഡരികിലെ കയ്യേറ്റങ്ങള്‍ നീക്കും
തിരുവനന്തപുരം: റോഡരിക് കയ്യേറി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും മറ്റ് നിര്‍മ്മാണങ്ങളും സംസ്ഥാനവ്യാപകമായി നീക്കം ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചു.
ദേശീയപാതയുള്‍പ്പെടെ എല്ലാ പ്രധാന റോഡുകളിലും നടപ്പാതകളിലും പരിശോധന നടത്തി നിയമവിരുദ്ധമായി സ്ഥാപിച്ച ബോര്‍ഡുകളും നിര്‍മ്മാണങ്ങളും നീക്കം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍(റോഡുകളും പാലങ്ങളും) കെ. ജോസഫ് മാത്യു അറിയിച്ചു.
പൊതുമരാമത്ത് മന്ത്രി എം. കെ. മുനീറിന്റെ നിര്‍ദേശം അനുസരിച്ചാണ് ഈ നടപടി. ഇതോടൊപ്പം ഒരാഴ്ച റോഡ് കയ്യേറ്റ വിരുദ്ധ വാരം ആചരിയ്ക്കാനും പൊതുമരാമത്ത്വകുപ്പിന് പദ്ധതിയുണ്ടെന്നും കെ. ജോസഫ് മാത്യു പറഞ്ഞു.
ഹൈവേ സംരക്ഷണ നിയമം പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് റോഡ്കയ്യേറ്റത്തിനെതിരെയും നിയമവിരുദ്ധമായി ബോര്‍ഡുകള്‍ സ്ഥാപിയ്ക്കുന്നതിനെതിരെയും നടപടികള്‍ സ്വീകരിക്കുന്നതിന് അധികാരം നല്‍കിയിട്ടുണ്ടെങ്കിലും റോഡരികിലെ കയ്യേറ്റം ഫലപ്രദമായി തടയാന്‍ കഴിയാറില്ല.
തിരക്ക് പിടിച്ച കവലകളിലെയും അപകടങ്ങള്‍ കൂടുതല്‍ നടക്കുന്ന പ്രദേശങ്ങളിലെയും നിയമവിരുദ്ധമായ ബോര്‍ഡുകളും വിവിധ സാമൂഹിക, സാംസ്കാരിക, മത, രാഷ്ട്രീയ സംഘടനകളുടെ ബാനറുകളും നീക്കം ചെയ്യും. റോഡരികില്‍ കയ്യേറ്റം നടത്തുന്നതിനെതിരെ ബോധവത്കരണം നടത്താനും പൊതുമരാമത്ത് വകുപ്പിന് പദ്ധതിയുണ്ട്.
ഈയിടെ പൊതുമാരമത്ത്വകുപ്പ് തിരുവനന്തപുരം മുതല്‍ കോട്ടയം വരെ നടത്തിയ പഠനത്തില്‍ റോഡരികില്‍ വാഹനയാത്രക്കാരുടെ ശ്രദ്ധതെറ്റിയ്ക്കുന്ന ഒട്ടേറെ കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications