കാള്‍ സെന്റര്‍: 3000 വിദ്യാര്‍ഥികള്‍ എത്തി
കൊച്ചി: കേരള ഐടി മിഷന് വേണ്ടി കാള്‍ സെന്റര്‍- ബിപിഒ മേഖലകളില്‍ ജോലി ചെയ്യാന്‍ അനുയോജ്യരായവരുടെ പട്ടിക തയ്യാറാക്കാന്‍ രാജഗിരി സ്കൂള്‍ ഒഫ് മാനേജ്മെന്റ് നടത്തിയ പരിപാടിയില്‍ മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
മാര്‍ച്ച് 28 ഞായറാഴ്ച പരിശീലനം നല്‍കാവുന്നവരുടെ പട്ടികയുണ്ടാക്കുന്നതിനായി താത്പര്യമുള്ളവര്‍ക്കിടയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി. വളരെ നല്ല പ്രതികരണമായിരുന്നു വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി മൂവായിരത്തോളം പേരാണ് പങ്കെടുത്തത്.
ഇംഗ്ലീഷ് ഭാഷയിലും പൊതുവിജ്ഞാനത്തിലുമുള്ള പ്രാഗത്ഭ്യം അളക്കുന്ന എഴുത്തുപരീക്ഷകളാണ് നടത്തിയത്. അഭിമുഖം നടത്തുകയും ചെയ്തു.
കാള്‍ സെന്ററുകളിലും ബിപിഒ മേഖലയിലും ജോലി ചെയ്യുന്നതിന് പരിശീലനം നല്‍കാവുന്നവരുടെ ഒരു വിവരശേഖരം ഉണ്ടാക്കുന്നതിന് ഐടി മിഷന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് രാജഗിരി സ്കൂള്‍ ഒഫ് മാനേജ്മെന്റ് പരീക്ഷയും അഭിമുഖവും നടത്തിയത്. കൊച്ചി നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും വിദ്യാര്‍ഥികളാണ് എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനുമെത്തിയത്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമെത്തി. പ്ലസ് ടു ആയിരുന്നു വിദ്യാര്‍ഥികള്‍ക്ക് വേണ്ട കുറഞ്ഞ യോഗ്യത.
3000 പേരില്‍ നിന്ന് 1000-1200 പേരെ തിരഞ്ഞെടുക്കും. ഇവരുടെ വിശദവിവരങ്ങള്‍ ഐടി മിഷന് നല്‍കും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പട്ടിക ഐടി മിഷന് സമര്‍പ്പിക്കും.
കാള്‍ സെന്ററുകള്‍ക്കും ബിപിഒ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ജീവനക്കാരെ കിട്ടാതെ വരുന്നത് മൂലമാണ് ഇത്തരമൊരു വിവര ശേഖരം ഉണ്ടാക്കാന്‍ ഐടി മിഷന്‍ തീരുമാനിച്ചത്. കാക്കനാട്ടെ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് പല കാള്‍ സെന്ററുകളും ബിപിഒ സ്ഥാപനങ്ങളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പരീശീലനം നല്‍കാന്‍ പറ്റുന്നവരെ വേണ്ടത്ര കിട്ടുന്നില്ലെന്നതാണ് തടസമാവുന്നത്.












Click it and Unblock the Notifications