ഗ്ലോബല്‍ കേരള ഫൗണ്ടേഷന്‍ ഉദ്ഘാടനം
തിരുവനന്തപുരം: ആഗോള മലയാളികളുടെ സാമൂഹിക-സാംസ്കാരിക സംഘടനയായ ഗ്ലോബല്‍ കേരള ഫൗണ്ടേഷന്റെ ഉദ്ഘാടനം മാര്‍ച്ച് 30 ചൊവാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് നടക്കും.
വൈകിട്ട് ആറിന് ടാഗോര്‍ തിയേറ്ററിലാണ് ചടങ്ങ്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്യും. ബ്രിട്ടണിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഡോ. എല്‍.എം. സിംഗ്വി മുഖ്യാതിഥിയായിരിക്കും.
സംഘടനയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണം ചൊവാഴ്ച രാവിലെ 11ന് കിഴക്കേക്കോട്ട കൃഷ്ണവിലാസം കൊട്ടാരത്തില്‍ നടന്നു. രക്ഷാധികാരി കൂടിയായ തിരുവിതാംകൂര്‍ രാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ മുന്നിലാണ് സത്യപ്രതിജ്ഞ. അബുദാബിയിലെ വ്യവസായ പ്രമുഖനായ എം.എ. യൂസഫലിയാണ് ചെയര്‍മാന്‍. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും വ്യവസായ പ്രമുഖനുമായ ടി. ഹരിദാസാണ് സെക്രട്ടറി ജനറല്‍.
ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വെങ്ങാനൂര്‍ ഗവ. മോഡല്‍ ഹൈസ്കൂളില്‍ നിര്‍മിക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെയും കമ്പ്യൂട്ടര്‍ ലൈബ്രറി ബ്ലോക്കിന്റെയും നിര്‍മാണോദ്ഘാടനം ചൊവാഴ്ച വൈകീട്ട് മൂന്നിന് സ്കൂളില്‍ നടക്കും. റൂട്ട്സി ന്റെ സഹകരണത്തോടെ പ്രവാസി മലയാളികള്‍ നടത്തുന്ന എന്റെ ഗ്രാമം, എന്റെ സ്വപ്നം പദ്ധതിയുടെ ഭാഗമായാണിത്. ഫൗണ്ടേഷന്റെ ഗ്ലോബല്‍ ചെയര്‍മാന്‍ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസ്സന്‍ എന്നിവര്‍ക്കു പുറമെ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം എന്നിവരും പങ്കെടുക്കും.












Click it and Unblock the Notifications