അഴിമതിയാരോപണം: ആരോഗ്യ ഡയറക്ടറെ മാറ്റി
തിരുവനന്തപുരം: അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നേരിടുന്ന ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി.കെ. രാജനെ ആ സ്ഥാനത്തുനിന്ന് നീക്കംചെയ്തു.
പകരം അഡിഷണല്‍ ഡയറക്ടറായ ഡോ. ബി. മഹിളാമണിക്ക് ഡയറക്ടറുടെ ചുമതല നല്കിയിട്ടുണ്ട്.
വിജിലന്‍സ് രാജനെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ഈ നടപടി. പക്ഷേ ആരോഗ്യ വകുപ്പ് സ്ഥാനത്തേക്കാള്‍ ഉയര്‍ന്ന ഉയര്‍ന്ന തസ്തികയിലേക്കാണ് ഡോ. രാജനെ ഇപ്പോള്‍ നിയമിച്ചിട്ടുള്ളത്.
പേ വിഷബാധയ്ക്കുള്ള വാക്സിന്‍, ശസ്ത്രക്രിയാനൂല്‍, മരുന്നുകള്‍ എന്നിവ വാങ്ങിയതില്‍ വ്യാപകമായ അഴിമതി നടന്നുവെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് അതേപ്പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സ് വിഭാഗത്തോട് നിര്‍ദേശിച്ചിരുന്നു. ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്നും വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി.കെ. രാജനെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും വിജിലന്‍സ് അന്വേഷണവിഭാഗം സര്‍ക്കാരിനെ അറിയിച്ചിരുന്നു.
പി.ശങ്കരന്‍ ആരോഗ്യവകുപ്പ് മന്ത്രി ആയിരിയ്ക്കുമ്പോള്‍ തന്നെ വിജിലന്‍സ് ഈ ആവശ്യം ഉന്നയിച്ചിരുന്നതാണ്. എന്നാല്‍ അത് വച്ച് താമസിപ്പിയ്ക്കുകയായിരുന്നു. കടവൂര്‍ ശിവദാസന്‍ ആരോഗ്യവകുപ്പ് മന്ത്രി ആയതിന് ശേഷം വീണ്ടും ആ നിര്‍ദ്ദേശം അടങ്ങിയ ഫയലിന് ജീവന്‍ വച്ചു. തുടര്‍ന്നാണ് ഈ ശുപാര്‍ശ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് നടപടി. ഡോ. വി.കെ. രാജനെ ജില്ലയ്ക്ക് പുറത്തുള്ള ഏതെങ്കിലും തസ്തികയിലേക്ക് മാറ്റണമെന്നാണ് വിജിലന്‍സ് വിഭാഗം നിര്‍ദേശിച്ചിരുന്നത്.
രാജനെ മാറ്റണമെന്ന് ആലപ്പുഴയിലുള്ള സ്റേറ്റ് ഇന്‍സ്റിട്യൂട്ട് ഓഫ് വൈറോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസസ് ഡയറക്ടറായാണ് ഡോ. വി.കെ. രാജനെ ഇപ്പോള്‍ നിയമിച്ചിട്ടുള്ളത്. ശിക്ഷണനടപടിയുടെ ഭാഗമായിട്ടാണ് ഡോ. രാജനെ മാറ്റിയതെങ്കിലും നിലവിലുള്ളതിനേക്കാള്‍ ഉയര്‍ന്ന തസ്തികയിലാണ് പുതിയ നിയമനം. ശമ്പളസ്കെയിലിലും വര്‍ധനയുണ്ട്. എന്നാല്‍, ഇന്‍സ്റിട്യൂട്ടിന്റെ ഡയറക്ടറായി സ്വതന്ത്ര ചുമതല നല്കിയിട്ടില്ലെന്നും ഡെപ്യൂട്ടേഷന്‍ മാത്രമാണ് ഇപ്പോഴുള്ളതെന്നും ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഡെപ്യൂട്ടേഷന്‍ ആയതിനാല്‍ ശമ്പളവര്‍ധനയും ഉയര്‍ന്ന സ്കെയിലും ഡോ. രാജന് ലഭിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു.












Click it and Unblock the Notifications