ഏപ്രില്‍ ഒന്നു മുതല്‍ കൊക്കകോള പ്ലാന്റ് പൂട്ടണം; പഞ്ചായത്ത്
പാലക്കാട്: പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനിയുടെ ഉല്പാദന പ്ലാന്റ് ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് പഞ്ചായത്ത് കമ്പനിയ്ക്ക് നോട്ടീസ് നല്‍കി.
വിലക്ക് ലംഘിച്ച് പ്രവര്‍ത്തിച്ചാല്‍ നിയമംമൂലം തടയുമെന്നും പെരുമാട്ടി പഞ്ചായത്ത് കമ്പനിയെ അറിയിച്ചിട്ടുണ്ട്. നോട്ടീസിന്റെ പകര്‍പ്പ് ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്കും നല്‍കി.
അഞ്ചുവര്‍ഷംകൂടി ലൈസന്‍സ് പുതുക്കണമെന്ന കൊക്കകോള കമ്പനിയുടെ അപേക്ഷയും പെരുമാട്ടി പഞ്ചായത്ത് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അപേക്ഷ അപൂര്‍ണവും ക്രമവിരുദ്ധവുമാണെന്ന് പറഞ്ഞാണ് പഞ്ചായത്ത്കമ്മിറ്റി തള്ളിയത്. അമിത ജലചൂഷണത്തിന്റെ പേരില്‍ കൊക്കകോള കമ്പനിയുടെ ലൈസന്‍സ് 2003 ഏപ്രില്‍ ഏഴിന് പെരുമാട്ടി പഞ്ചായത്ത് റദ്ദാക്കിയിിരുന്നു. ഇതു സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇടവപ്പാതിവരെ കമ്പനി വെള്ളമെടുക്കുന്നത് ഗവണ്മെന്റ് നിരോധിച്ചിട്ടുമുണ്ട്.
2004 ഏപ്രില്‍ ഒന്നുമുതല്‍ അഞ്ചുവര്‍ഷത്തേക്ക് തങ്ങള്‍ക്ക് ലൈസന്‍സ്പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് ഫിബ്രവരി 17ന് കൊക്കകോള കമ്പനി പഞ്ചായത്തിനു അപേക്ഷ നല്‍കിയിരുന്നു. മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതിയോഗം കൊക്കകോളയുടെ അപേക്ഷ തള്ളി.
കമ്പനി അമിത ജലചൂഷണം നടത്തുന്നതും പ്ലാന്റ് പുറന്തള്ളുന്ന ഖരമാലിന്യത്തില്‍ വിഷാംശം ഉള്ളതും കോളാ ഉല്‍പന്നങ്ങളില്‍ വിഷം ഉണ്ടെന്ന ജെ.പി.സി.യുടെ കണ്ടെത്തലും പഞ്ചായത്ത് ചൂണ്ടിക്കാട്ടി.
എന്നാല്‍ പഞ്ചായത്തിലുള്ള കുറേപേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു സ്ഥാപനം എന്ന നിലയില്‍ ലൈസന്‍സ് പുതുക്കുന്നതിന് പഞ്ചായത്ത് 3 ഉപാധികള്‍ വെച്ചു. 1. പെരുമാട്ടി പഞ്ചായത്ത് അതിര്‍ത്തിയില്‍നിന്ന് കമ്പനി വെള്ളം എടുക്കരുത്, 2. പുറന്തള്ളുന്ന ഖരമാലിന്യത്തില്‍ വിഷാംശം ഇല്ലെന്ന് ഉറപ്പുവരുത്തണം, 3. കോള ഉല്‍പന്നങ്ങളില്‍ വിഷം ഇല്ലെന്ന് ഉറപ്പാക്കണം.
ഇതുസംബന്ധിച്ച് മാര്‍ച്ച് 15ന് പഞ്ചായത്ത്ഭരണസമിതി മുമ്പാകെ ഹാജരായി തെളിവ് നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടു. കമ്പനി കൂടുതല്‍ സമയം ആവശ്യപ്പെട്ടതനുസരിച്ച് മാര്‍ച്ച് 29ന് മാറ്റി.
പ്ലാച്ചിമടയിലെ കോളാ ഉല്‍പന്നങ്ങളില്‍ വിഷാംശം ഉണ്ടെന്ന് സംയുക്ത പാര്‍ലമെന്ററി സമിതി പറഞ്ഞിട്ടില്ലെന്നും കമ്പനി പ്രതിനിധികള്‍ പഞ്ചായത്ത്ഫുള്‍ബോര്‍ഡില്‍ വാദിച്ചു. തങ്ങളെപ്പോലെ വെള്ളമെടുക്കുന്ന മറ്റു കമ്പനികള്‍ക്ക് നിയന്ത്രണമില്ല. 85 കോടി രൂപ മുതല്‍മുടക്കി 500 പേര്‍ക്ക് നേരിട്ട് ജോലി നല്‍കിയിട്ടുള്ള ഒരു സ്ഥാപനം പൂട്ടാനാണ് പഞ്ചായത്തിന്റെ ശ്രമമെന്നും കമ്പനി പ്രതിനിധികള്‍ ആരോപിച്ചു.












Click it and Unblock the Notifications