കരുണയെ പിന്തുണയ്ക്കുന്ന തമിഴ് സ്ഥാനാര്‍ഥി വെടിയേറ്റു മരിച്ചു
കൊളംബോ: ശ്രീലങ്കയില്‍ തമിഴ് ദേശീയ സഖ്യ (ടി.എന്‍.എ)ത്തിന്റെ നേതാവും സ്ഥാനാര്‍ത്ഥിയുമായ രാജന്‍ സത്യമൂര്‍ത്തി വെടിയേറ്റ് മരിച്ചു. തമിഴ് പുലികളിലെ വിമത നേതാവ് കരുണയോട് അടുപ്പം പുലര്‍ത്തുന്ന ആളാണ് രാജന്‍ സത്യമൂര്‍ത്തി.
ഇദ്ദേഹത്തിന്റെ മരുമകനും വെടിവയ്പിനിടയില്‍ മരിച്ചു. കിഴക്കന്‍ ബട്ടിക്കലോവയിലെ താണ്ഡവന്‍വേലിയില്‍ മാര്‍ച്ച് 30 ചൊവാഴ്ച രാവിലെയാണ് സംഭവം. സത്യമൂര്‍ത്തിയുടെ വീട്ടിലെത്തിയ രണ്ട് തോക്കുധാരികള്‍ അദ്ദേഹത്തെയും മകളുടെ ഭര്‍ത്താവ് കന്തയ്യ കന്തസാമിയെയും വെടിവെക്കുകയായിരുന്നു. ബട്ടിക്കലോവയിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
2004 ഏപ്രില്‍ രണ്ടിന് നടക്കുന്ന പാര്‍ലെമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം ചൊവാഴ്ച രാത്രി അവസാനിക്കാനിരിക്കെയാണ് സത്യമൂര്‍ത്തി കൊലചെയ്യപ്പെട്ടത്.
എല്‍.ടി.ടി.ഇ.യാണ് സംഭവത്തിന് പിന്നിലെന്ന് കരുണയുടെ വക്താവ് വരദന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പുലികളും കരുണയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗവും തമ്മില്‍ പോരാട്ടം തുടങ്ങാനുള്ള സാധ്യത, പുതിയ സംഭവത്തോടെ കൂടിയിരിയ്ക്കുകയാണ്. കരുണയെ ഉന്മൂലനം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം എല്‍.ടി.ടി.ഇ. ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടക്കമായിട്ട് വേണം ഈ ആക്രമണത്തെ കരുതാന്‍.
ബട്ടിക്കലോവയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ സ്ഥാനാര്‍ഥിയാണ് സത്യമൂര്‍ത്തി. എല്‍.ടി.ടി.ഇ. പിളരുന്നതിന് രണ്ടു ദിവസം മുമ്പ്, മാര്‍ച്ച് ഒന്നിന് ഒരു സ്ഥാനാര്‍ഥി കൊല്ലപ്പെട്ടിരുന്നു. കരുണയെ പിന്തുണയ്ക്കുന്ന സത്യമൂര്‍ത്തിയോട് തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്ക്കാന്‍ പുലി നേതൃത്വം കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications