മാറാട്: കാലാവധി നീട്ടാന്‍ കമ്മീഷന്‍ ആവശ്യപ്പെടില്ല
കോഴിക്കോട്: മാറാട് അന്വേഷണ കമ്മീഷന്റെ കാലാവധി നീട്ടാന്‍ സ്വമേധയാ സര്‍ക്കാറിനോട് ആവശ്യപ്പെടില്ലെന്ന് കമ്മീഷന്‍ അറിയിച്ചു.
കമ്മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വേണ്ടവിധത്തില്‍ സഹകരിയ്ക്കാത്തതുകൊണ്ട് പ്രവര്‍ത്തനം സമയബന്ധിതമായി തീര്‍ക്കാന്‍ സാധിയ്ക്കുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കമ്മിഷന്റെ ഈ നിലപാട്.
ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന കമ്മീഷന്റെ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത് സംബന്ധിച്ച വാദം തുടരുന്നതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച സിറ്റി പോലീസ് കമ്മീഷണറുടെ വിസ്താരം നീട്ടിവെച്ചു. തുടര്‍ന്ന് നടത്തിയ പരാമര്‍ശത്തിലാണ് കാലാവധി നീട്ടുന്നത് സംബന്ധിച്ച് കമ്മീഷന്‍ അഭിപ്രായപ്രകടനം നടത്തിയത്. വിസ്താരം നീണ്ട് കമ്മീഷന്റെ പ്രവര്‍ത്തനം ഉദ്ദേശിച്ച സമയത്ത് പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കൂടുതല്‍ സമയം ആവശ്യപ്പെടില്ലെന്നാണ് പരാമര്‍ശത്തില്‍ പറയുന്നത്. ആഗസ്ത് 23 വരെയാണ് കമ്മീഷന്റെ കാലാവധി. അതേസമയം കാലവധി ആറുമാസം കൂടി നീട്ടിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാറിനു വേണ്ടി അഡ്വ. ജനറല്‍ എം.രത്നസിങ്ങ് ചൊവാഴ്ച ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഹൈക്കോടതിയുടെ വിധിവരുന്നതുവരെ വിസ്താരം നീട്ടിവെക്കണമെന്ന് പോലീസിന്റെ അഭിഭാഷകന്റെ അഭിപ്രായത്തെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണറുടെ വിസ്താരം ബുധനാഴ്ച നീട്ടിവെച്ചത്.
മാറാട് അക്രമത്തിന്റെ നിജസ്ഥിതി കണ്ടെത്തലാണ് കമ്മീഷന്റെ ജോലി. അക്രമം തടയുന്നതിന് സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും സ്വീകരിച്ച നടപടികളെക്കുറിച്ച് കമ്മീഷന് അറിയേണ്ടതുണ്ട്. ഇതിനായി സര്‍ക്കാറിന്റെ സഹായം കമ്മീഷന് ലഭിക്കണം. നിര്‍ദിഷ്ട സമയത്തിനുള്ളില്‍ കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതുണ്ട് - കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
ഹിന്ദു ഐക്യവേദി കണ്‍വീനര്‍ കുമ്മനം രാശേഖരനെ ഏപ്രില്‍ 16 ന് കമ്മീഷന്‍ വിസ്തരിക്കും. അന്വേഷണ കമ്മീഷന്‍ ആവശ്യപ്പെട്ട പ്രകാരമുള്ള വിശദീകരണം ദേശാഭിമാനി പത്രവും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റും കമ്മീഷന് സമര്‍പ്പിച്ചു. കമ്മീഷന് മുമ്പാകെ നല്‍കിയ മൊഴി വളച്ചൊടിച്ചു പ്രസിദ്ധീകരിച്ചുവെന്ന് മുസ്ലിം ലീഗ് നേതാവ് എം.സി.മായിന്‍ഹാജി ദേശാഭിമാനിക്കെതിരെ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് ഏപ്രില്‍ 16 ന് കമ്മീഷന്‍ വാദം കേള്‍ക്കും. ആവശ്യപ്പെട്ട ഫോണ്‍ നമ്പറുകളെക്കുറിച്ചുള്ള വിശദീകരണം നല്‍കാന്‍ ഏപ്രില്‍ 16 വരെ എയര്‍ടെല്‍ മൊബൈല്‍ കമ്പനിക്ക് കമ്മീഷന്‍ സമയം അനുവദിച്ചു.
വിശദീകരണം നല്‍കുന്നതില്‍ വീഴ്ചവരുത്തിയ എസ്ക്കോട്ടല്‍ മൊബൈല്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഏപ്രില്‍ 16 നകം വിശദീകരണം നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബി.എസ്.എന്‍.എല്ലിനോടും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ ഹാജരായിരുന്നു.












Click it and Unblock the Notifications