സൂപ്പര്‍മാന് വെല്ലുവിളിയായി ഹനുമാന്‍
തിരുവനന്തപുരം: രാമായണകഥയെ ആസ്പദമാക്കി ഒരുക്കുന്ന ഹനുമാന്റെ സാഹസങ്ങള്‍ എന്ന കാര്‍ട്ടൂണ്‍ പരമ്പര പൂര്‍ത്തിയാവുന്നതിന് മുമ്പ് വിറ്റതായി ടൂണ്‍സ് ക്രിയേറ്റീവ് ഡയറക്ടര്‍ അതുല്‍റാവു അറിയിച്ചു.
കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക് ഏഷ്യയാണ് പരമ്പരയുടെ നിര്‍മാണം പൂര്‍ത്തിയാവുന്നതിന് മുമ്പ് വാങ്ങിയത്. പരമ്പരയുടെ 13 എപ്പിസോഡുകളുള്ള ആദ്യഘട്ടത്തിലെ നാല് എപ്പിസോഡുകളുടെ നിര്‍മാണത്തിന് മുമ്പുള്ള ജോലികള്‍ മാത്രമാണ് ഇപ്പോള്‍ തീര്‍ന്നത്.
അന്താരാഷ്ട്ര വിപണിയില്‍ വിജയിക്കാനുള്ള എല്ലാ ഘടകങ്ങളും ഹനുമാന്‍ പരമ്പരയില്‍ കോര്‍ത്തിണക്കിയിട്ടുണ്ടെന്ന് അതുല്‍റാവു പറഞ്ഞു. ഈ വര്‍ഷത്തെ ഫിക്കിയുടെ മികച്ച അനിമേറ്റഡ് ഫ്രെയിം അവാര്‍ഡ് ഹനുമാന്റെ സാഹസങ്ങളില്‍ നിന്നുള്ള രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള ഭാഗത്തിന് ലഭിച്ചിരുന്നു.
10 ലക്ഷം യുഎസ് ഡോളറാണ് ഓരോ എപ്പിസോഡിന്റെയും ചെലവ്. അതേ സമയം ഒരു എപ്പിസോഡ് നിര്‍മിക്കുന്നതിനുള്ള അന്താരാഷ്ട്രതലത്തിലെ ശരാശരി ചെലവ് 35 ലക്ഷം യുഎസ് ഡോളറാണ്. ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് തങ്ങള്‍ ഉത്പാദന ചെലവ് കുറയ്ക്കുന്നതെന്ന് റാവു അവകാശപ്പെട്ടു.
കാര്‍ട്ടൂണ്‍ രംഗത്തെ സ്പൈഡര്‍മാന്‍, സൂപ്പര്‍മാന്‍, ബാറ്റ്മാന്‍ തുടങ്ങിയ അതിമാനുഷനായകര്‍ക്ക് വെല്ലുവിളിയായിരിക്കും ഹനുമാന്‍ കഥാപാത്രമെന്ന് ടൂണ്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി. ജയകുമാര്‍ പറഞ്ഞു. ഈ കഥാപാത്രങ്ങളുടെ തലത്തില്‍ ഹനുമാന്‍ പ്രശസ്തിയാര്‍ജിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications