മക്കളെ രാഷ്ട്രീയത്തില്‍ കൊണ്ടുവരില്ല: ആന്റണി
തിരുവനന്തപുരം: തന്റെ മക്കള്‍ക്ക് രാഷ്ട്രീയത്തില്‍ താത്പര്യമുണ്ടെന്ന് തോന്നിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ അവരെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചുകഴിഞ്ഞാല്‍ പ്രധാനമന്ത്രി ആരാവുമെന്ന് പാര്‍ട്ടി തീരുമാനിക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയതാണ്. തനിക്ക് അതിനപ്പുറമൊന്നും പറയാനില്ല- ആന്റണി വ്യക്തമാക്കി.
അമേത്തിയില്‍ രാഹുല്‍ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കിയത് രാജ്യത്തെമ്പാടുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ താത്പര്യം മാനിച്ചാണ്. പ്രിയങ്ക വധേര പ്രചാരണരംഗത്തുണ്ടാവണമെന്ന് രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുണ്ട്. ഇത് തീര്‍ത്തും ജനാധിപത്യപരമായ തീരുമാനമാണ്. ഇക്കാര്യത്തില്‍ ഒരു ഉപജാപവുമില്ല.
ഒരിക്കല്‍ കൂടി ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നത് രാജ്യത്തിന് വിനയാവും. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയെന്നതും ഗാന്ധിയന്‍-നെഹ്റുവിയന്‍ മൂല്യങ്ങള്‍ തിരിച്ചുകൊണ്ടുവരികയെന്നതുമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അധികാരം നഷ്ടപ്പെട്ട സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസ് സ്ഥിതി മെച്ചപ്പെടുത്തി വരികയാണ്.
കേന്ദ്രവുമായി താന്‍ നല്ല ബന്ധമാണ് സൂക്ഷിക്കുന്നതെന്നും വരള്‍ച്ചാ ദുരിതാശ്വാസം അനുവദിക്കുന്നതില്‍ കേന്ദ്രം കേരളത്തോട് അവഗണന കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവില്ലെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications