കുപ്പണ: തമ്പിയ്ക്ക് ജീവപര്യന്തം ശിക്ഷ
കൊല്ലം: കുപ്പണ മദ്യദുരന്ത കേസില്‍ ഒന്നാം പ്രതി തമ്പി, പത്താം പ്രതി സജീവന്‍, പതിനൊന്നാം പ്രതി റോയി എന്നിവര്‍ക്ക് ജീവപര്യന്തം തടവശിക്ഷ നല്‍കാന്‍ കൊല്ലം ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ. ചെന്താമരാക്ഷന്‍ ഉത്തരവായി. മറ്റ് ആറ് പ്രതികള്‍ക്ക് പത്ത് വര്‍ഷത്തെ തടവും തമ്പിയുടെ ഭാര്യ മായയ്ക്ക് ഒരുവര്‍ഷം തടവുമാണ് കോടതി വിധിച്ച ശിക്ഷ.
ഏപ്രില്‍ രണ്ട് വെള്ളിയാഴ്ച രാവിലെ കേസ് പരിഗണിച്ച കോടതി പ്രതികളുടെ അപേക്ഷയും പ്രോസിക്യൂഷന്റെ വാദവും കേട്ടു. തുടര്‍ന്ന് ശിക്ഷാ പ്രഖ്യാപനം ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് നടക്കുമെന്ന് പ്രഖ്യാപിയ്ക്കുകയായിരുന്ന.
ഏപ്രില്‍ രണ്ടിന് രാവിലെ കോടതിയിലെത്തിയ പ്രതികള്‍ തങ്ങള്‍ നിരപരാധികളാണെന്നും ശിക്ഷ ഒഴിവാക്കണമെന്നും കോടതിയോട് അപേക്ഷിച്ചു. മദ്യദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ വി.സുഗതനാണ് പ്രോസിക്യൂഷന്‍ വാദം നിരത്തിയത്. പതികള്‍ വധശിക്ഷയ്ക്ക് അര്‍ഹരാണോ എന്ന കോടതിയുടെ ചോദ്യത്തിന്, ഈ കുറ്റം അത്യപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
കുറ്റക്കാരെന്ന് പ്രഖ്യാപിച്ചത് വ്യാഴാഴ്ച
ഏപ്രില്‍ ഒന്ന് വ്യാഴാഴ്ച കോടതി പ്രതികള്‍ എല്ലാം തന്നെ കുറ്റക്കാരാണെന്ന് പ്രഖ്യാപിച്ചിരുന്നു. കുപ്പണ മദ്യദുരന്തത്തില്‍ ഏഴ് പേരാണ് മരിച്ചത്.
കേസിലെ ഒന്നാംപ്രതി തമ്പി, പത്താംപ്രതി സജീവ്, പതിനൊന്നാംപ്രതി റോയി എന്നിവര്‍ ഇന്ത്യന്‍ ശിക്ഷാനിയമം 302, 120 - ബി, 307, 326 എന്നീ വകുപ്പുകള്‍പ്രകാരം യഥാക്രമം കൊലപാതകം, ഗൂഢാലോചന, കൊലപാതകശ്രമം, കാഴ്ച നഷ്ടപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതായി കോടതി കണ്ടെത്തി. അതിനാല്‍ വധശിക്ഷ, ജീവപര്യന്തം തടവ് എന്നിവയ്ക്ക് പ്രതികള്‍ അര്‍ഹരാണെന്ന് കൊല്ലം ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ. ചെന്താമരാക്ഷന്‍ വിധിന്യായത്തില്‍ പറഞ്ഞു.
രണ്ടാംപ്രതി പാരിപ്പള്ളി സജി, അഞ്ചാംപ്രതി ബായി എന്ന രാജേഷ്, ആറാംപ്രതി ഹുസൈന്‍, ഏഴാംപ്രതി സോണി, എട്ടാംപ്രതി കുഞ്ഞുമോന്‍, ഒന്‍പതാംപ്രതി മാങ്ങാ സന്തോഷ് എന്നിവര്‍ അബ്കാരി നിയമത്തിലെ 55-എ, 55-ഐ, 57-എ, 55-എച്ച് എന്നീ വകുപ്പുകള്‍ പ്രകാരം ചാരായം കൈവശം വച്ചതിനും വില്‍പന നടത്തിയതിനും വിഷം കലര്‍ത്തിയതിനും കുപ്പിയില്‍നിറച്ചതിനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
തമ്പിയുടെ ഭാര്യയും മൂന്നാംപ്രതിയുമായ മായയും ചാരായം കൈവശംവച്ചതിന് കുറ്റക്കാരിയാണ്. ഇവര്‍ക്കെല്ലാം പത്തുവര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
തമ്പി, റോയി, സജീവ് എന്നിവര്‍ ചാരായം കൈവശംവച്ചതിനും വിഷം കലര്‍ത്തി വിറ്റതിനും കുപ്പിയില്‍ നിറച്ചതിനുമുള്ള കുറ്റങ്ങളിലും ശിക്ഷയ്ക്ക് അര്‍ഹരാണ്.
2003 ഏപ്രില്‍ പത്തിനാണ് കുപ്പണയില്‍ വിഷമദ്യദുരന്തമുണ്ടായത്. 12 പ്രതികളുള്ള ഈ കേസിന്റെ വിചാരണ 2003 നവംബര്‍ മൂന്നിനാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. 2004 മാര്‍ച്ച് ഒന്നിന് വിചാരണ അവസാനിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിലെ എസ്പി കെ.ജെ.ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
നാലാംപ്രതി ഷാജിയും പന്ത്രണ്ടാം പ്രതി പ്രശാന്തനും ദുരന്തത്തില്‍ മരിച്ചവരാണ്. സാക്ഷിപ്പട്ടികയില്‍ 216 പേരെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും 76 പേരെയാണ് വിസ്തരിച്ചത്. കല്ലുവാതുക്കല്‍ വിഷമദ്യദുരന്തക്കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരായ വി.സുഗതനും ജി.മോഹന്‍രാജുമാണ് ഈ കേസിലെയും പ്രോസിക്യൂട്ടര്‍മാര്‍.












Click it and Unblock the Notifications