എന്‍എസ്എസും എന്‍ഡിഎയും അടുക്കുന്നു
കോട്ടയം: പുതിയ രാഷ്ട്രീയപശ്ചാത്തലത്തില്‍ എന്‍എസ്എസും എന്‍ഡിഎയും അടുക്കുന്നതായി സൂചന.
എന്നാല്‍ ഇത്തരത്തിലുള്ള ഒരു അടുപ്പവും എന്‍ എസ് എസിന് ഇല്ലെന്നാണ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറയുന്നത്.
പ്രധാനമായും രണ്ട് കാരണങ്ങളാണ് എന്‍എസിന്റെയും എന്‍ഡിഎയുടെയും പുതിയ അടുപ്പത്തിന് വഴിയൊരുക്കിയിരിക്കുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടിനോട് എന്‍എസ്എസ് നേതൃത്വത്തിനുള്ള അതൃപ്തിയാണ് ഒന്ന്. ബിജെപിയോട് നേരത്തെയുണ്ടായിരുന്ന അകലം ഇപ്പോഴില്ല എന്നതാണ് രണ്ടാമത്തെ കാരണം.
എന്‍എസ്എസിന്റെ സമദൂരസിദ്ധാന്തം പലപ്പോഴും പ്രയോജനം ചെയ്തിട്ടുള്ളത് മുഖ്യമന്ത്രി എ. കെ. ആന്റണിക്കാണ്. കരുണാകര വിഭാഗം ആന്റണിയ്ക്കെതിരെ പടനീക്കം നടത്തിയപ്പോഴൊക്കെ ആന്റണിയെ എന്‍എസ്എസ് ശക്തമായി പിന്തുണച്ചിരുന്നു. വ്യക്തമായും കരുണാകരനെതിരായ നിലപാടാണ് അവര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ തനിക്കെതിരെ കരുണാകരന്‍ നടത്തിയ നീക്കങ്ങള്‍ മറന്ന് അദ്ദേഹത്തെ ആന്റണി പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ എന്‍എസ്എസ് നേതൃത്വം തീര്‍ത്തും അതൃപ്തരാണ്.
കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് ആന്റണി സ്വീകരിച്ച നിലപാട് അദ്ദേഹത്തോട് എന്‍എസ്എസിന് വൈമുഖ്യം വളര്‍ത്തിയിട്ടുണ്ട്.
എന്‍എസ്എസും ബിജെപിയുമായുള്ള ബന്ധത്തില്‍ ഈയിടെയായി പല മാറ്റങ്ങളുമുണ്ടായിട്ടുണ്ട്. നേരത്തെ ബിജെപിയോടുണ്ടായിരുന്ന വിമുഖത എന്‍എസ്എസിന് ഇപ്പോഴില്ല. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് പ്രവേശിക്കാന്‍ എല്‍. കെ. അദ്വാനിക്ക് അനുമതി നല്‍കുക പോലും ചെയ്യാത്ത കടുത്ത നിലപാടില്‍ നിന്ന് എന്‍എസ്എസ് പിന്നോക്കം പോയിക്കഴിഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ബിജെപി നേതാവ് പത്മനാഭാചാര്യ, ഒ. രാജഗോപാല്‍ തുടങ്ങിയവരുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചിട്ടുണ്ട്. പലപ്പോഴായി എന്‍എസ്, ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുമുണ്ട്.
യോജിക്കാവുന്ന ചില വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ബിജെപിയുമായി ഒന്നിച്ചുപോവാമെന്ന ധാരണ എന്‍എസ്എസ് നേതൃത്വത്തിനുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications