രാജഗോപാലിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി
തിരുവനന്തപുരം: കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
എല്‍ഡിഎഫ് പ്രചാരണ സമിതി ജനറല്‍ സെക്രട്ടറി സി. ദിവാകരനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ പി. ജെ. തോമസിന് പരാതി നല്‍കിയത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ രാജഗോപാല്‍ കേന്ദ്രമന്ത്രിയെന്ന സ്ഥാനം പ്രചാരണത്തില്‍ ദുരുപയോഗപ്പെടുത്തിയെന്നാണ് പരാതി.
മന്ത്രിയെന്ന നിലയിലുള്ള ഔദ്യോഗിക സന്നാഹങ്ങളോടെയും മറ്റ് സൗകര്യങ്ങള്‍ ഉപയോഗിച്ചുമാണ് രാജഗോപാല്‍ മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നതെന്ന് ദിവാകരന്‍ പറഞ്ഞു. കേന്ദ്രമന്ത്രിയെന്ന നിലയില്‍ അദ്ദേഹം പൊതുജനങ്ങളില്‍ നിന്നും നിവേദനങ്ങള്‍ സ്വീകരിക്കുന്നുമുണ്ട്.
രാജഗോപാലും കൂട്ടാളികളും ബീമാപള്ളിയില്‍ പോയെന്നും ബിജെപിയുടെ കൊടികളുമായാണ് രാജഗോപാലിന്റെ കൂട്ടാളികള്‍ പള്ളിയില്‍ കടന്നതെന്നും ദിവാകരന്‍ പറഞ്ഞു. ഇത് നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും തമ്മിലുള്ള വാക്കുതര്‍ക്കത്തിന് കാരണമായി. രാജഗോപാലിന്റെ സഹായികള്‍ പള്ളി അധികൃതരോട് അദ്ദേഹത്തിന് സ്വീകരണം ഏര്‍പ്പാടാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഈ സംഭവവും ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയ മറ്റ് സംഭവങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് ദിവാകരന്‍ പറഞ്ഞു.












Click it and Unblock the Notifications