ആരോപണങ്ങള്‍ ശരിയല്ലെന്ന് എജി
കൊച്ചി: ഓണ്‍ലൈന്‍ ലോട്ടറിക്കേസുമായി തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അഡ്വക്കറ്റ് ജനറല്‍ എം. രത്നസിംഗ് പറഞ്ഞു.
തന്റെ അഭിഭാഷക സ്ഥാപനത്തിലെ അഭിഭാഷകന്‍ ഓണ്‍ലൈന്‍ ലോട്ടറിക്കു വേണ്ടി ഹാജരായെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തന്റെ ഉടമസ്ഥതയില്‍ അഭിഭാഷക സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ല. എം. ആര്‍. രത്നസിംഗ് ആന്റ് കമ്പനി എന്ന സ്ഥാപനത്തില്‍ താന്‍ അഡ്വക്കറ്റ് ജനറല്‍ ആവുന്നതിന് മുമ്പ് പാര്‍ട്ണറായിരുന്നു. എജി ആയതിന് ശേഷം ആ സ്ഥാപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ല.
രാജ്യത്തിനാകമാനം താത്പര്യമുള്ള ഒരു കേസില്‍ കൃത്യനിര്‍വഹണത്തില്‍ പാളിച്ച വരുത്തിയ ഒരു യുവ അഭിഭാഷകനാണ് തനിക്കെതിരെയുള്ള വിഷലിപ്തമായ ആരോപണങ്ങള്‍ക്ക് പിന്നില്‍.
ഓണ്‍ലൈന്‍ ലോട്ടറി കേസില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായ അജിത് പ്രകാശിനെ സഹായി എന്ന നിലയില്‍ മാത്രമാണ് ഉപയോഗപ്പെടുത്തിയത്. കേസ് വാദിക്കാന്‍ വേണ്ടി ഒരിക്കലും അദ്ദേഹത്തെ ഉപയോഗിച്ചിട്ടില്ല. അജിത് പ്രകാശിന്റെ വാദമുഖങ്ങള്‍ വെളിച്ചം കാണാതിരിക്കാന്‍ താന്‍ ഇടപെട്ടുവെന്ന അദ്ദേഹത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്.
അഭിഭാഷകവൃത്തിയുടെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷത്തിനായി താന്‍ ഹൈക്കോടതിയില്‍ നിന്ന് ദിവസങ്ങളോളം വിട്ടുനിന്നുവെന്ന ആരോപണം ശരിയല്ല. രണ്ട് ദിവസം മാത്രമാണ് ഇതിനായി താന്‍ കോഴിക്കോടുണ്ടായിരുന്നത്.
കേസിന്റെ വാദം പൂര്‍ത്തിയായെന്ന് താന്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണത്തിന് പിന്നില്‍ ദുഷ്ടലാക്കാണ്. പഞ്ചാരക്കൊല്ലി കേസില്‍ അജിത് പ്രകാശിന്റെ നടപടികളില്‍ വനം വകുപ്പ് അസന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ടെന്ന് രത്നസിംഗ് പറഞ്ഞു.












Click it and Unblock the Notifications