വിഎസും പാലൊളിയും രണ്ടു തട്ടില്‍
തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ രാജ്യസഭാ എംപി പി. വി. അബ്ദുള്‍ വഹാബിനെതിരെ ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി പരാതി നല്‍കിയതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടിയും രണ്ടുതട്ടില്‍. പരാതി നല്‍കിയത് അന്വേഷിക്കുമെന്ന പാലൊളിയുടെ അറിയിപ്പിനെതിരെ ഏപ്രില്‍ നാല് ഞായറാഴ്ച പ്രസ്താവനയുമായി അച്യുതാനന്ദന്‍ മുന്നോട്ടുവന്നു.
വോട്ടര്‍ പട്ടിക സംബന്ധിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്ത സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് ചില ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പി. വി. അബ്ദുള്‍ വഹാബിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പരാതി നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് പകരം അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.
അര്‍ഹതയില്ലാത്തവര്‍ വോട്ടര്‍പ്പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പ്രവര്‍ത്തകരോട് സിപിഎം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശമലയാളിയായ വഹാബിനെതിരെ മലപ്പുറം ജില്ലയിലെ ചില ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിച്ച പ്രവര്‍ത്തകരുടെ ഈ നടപടി എങ്ങനെ തെറ്റാവുമെന്ന് അച്യുതാനന്ദന്‍ ചോദിച്ചു.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയോ നിലമ്പൂര്‍ ഏരിയാ കമ്മിറ്റിയോ അറിയാതെ വഹാബിനെതിരെ ഡിഐഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പരാതി നല്‍കിയതിനെ കുറിച്ച് അന്വേഷിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അച്യുതാനന്ദന്‍.
വഹാബിനെതിരെ ആദ്യം ആരോപണം ഉന്നയിച്ച ആര്‍എസ്പി നിയമനടപടി സ്വീകരിക്കാഞ്ഞതു മൂലമാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പരാതി നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications