ശ്രീലങ്കയില്‍ തൂക്ക് പാര്‍ലമെന്റ്, ചന്ദ്രികയ്ക്ക് കൂടുതല്‍ സീറ്റുകള്‍
കൊളംബൊ: ശ്രീലങ്കയിലെ തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്ത് വന്നപ്പോള്‍ ഒരു പാര്‍ട്ടിയ്ക്കും സര്‍ക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷമില്ല.
ശ്രീലങ്ക പാര്‍ലമെന്റില്‍ ആകെ 225 സീറ്റുകളാണുള്ളത്. പ്രസിഡണ്ട് ചന്ദ്രിക കുമാരതുംഗയുടെ സഖ്യമായ യൂണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് ആണ് കൂടുതല്‍ സീറ്റുകള്‍ നേടിയത്. ചന്ദ്രികയ്ക്ക് 105 സീറ്റുകളുണ്ട്.
പ്രധാനമന്ത്രി റനില്‍ വിക്രമസിഗെയുടെ പാര്‍ട്ടിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയ്ക്ക് 82 സീറ്റാണ് കിട്ടിയത്. തമിഴ് പുലികളെ പിന്തുണയ്ക്കുന്ന തമിഴ് നാഷണല്‍ അലയന്‍സ് എന്ന പാര്‍ട്ടിയ്ക്ക് 22 സീറ്റുകള്‍ കിട്ടി. ബുദ്ധഭിക്ഷുക്കുളുടെ പാര്‍ട്ടിയായ ഹേല ഉറുമായ ഒമ്പത് സീറ്റുകളാണ് നേടിയത്.
മറ്റ് ചെറുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി സര്‍ക്കാരിന് രൂപം നല്‍കുമെന്നാണ് ചന്ദ്രിക വ്യക്തമാക്കിയിരിയ്ക്കുന്നത്. ബുദ്ധ ഭിക്ഷുക്കുളുടെ പാര്‍ട്ടി ആരെയും പിന്തുണയ്ക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നീതി ലഭിച്ചില്ലെങ്കില്‍ കലാപം വീണ്ടും തുടങ്ങുമെന്ന പ്രഖ്യാപനവുമായി തിമിഴ് പുലികള്‍ രംഗത്തെത്തിയിട്ടുണ്ട്. തമിഴര്‍ ആവശ്യപ്പെടുന്ന സ്വയം ഭരണാവകാശം നല്‍കണമെന്നാണ് അവരുടെ വാദം. തിരഞ്ഞെടുപ്പില്‍ 22 സീറ്റ് നേടിതങ്ങള് ശക്തി തെളിയിച്ചതായും അവര്‍ പറയുന്നു.