രാഹുല്‍ അമേഠിയില്‍ പത്രിക നല്‍കി
സുല്‍ത്താന്‍ പൂര്‍: രാഹുല്‍ ഗാന്ധി അമേഠി മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. ആയിരക്കണക്കിന് ആളുകള്‍ പത്രിക നല്‍കിയ ഓഫീസിന് മുന്നില്‍ തടിച്ച് കൂടിയിരുന്നു.
ഏപ്രില്‍ അഞ്ച് തിങ്കളാഴ്ച ഉച്ചയോടെയാണ് രാഹുല്‍ ഗാന്ധി അമ്മ സോണിയാ ഗാന്ധി, സഹോദരി പ്രീയങ്കാ വധേര, പ്രീയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര, സതീഷ് ശര്‍മ്മ എന്നിവരോടൊപ്പം സുല്‍ത്താന്‍ പൂരിലെത്തി പത്രിക നല്‍കിയത്.
ലഖ്നൗവില്‍ നിന്നു റോഡുമാര്‍ഗം എത്തിയ രാഹുല്‍ സുല്‍ത്താന്‍പൂര്‍ കളക്ടറും വരണാധികാരിയുമായ സുരേഷ്ചന്ദ്ര വര്‍മയ്ക്കു മുമ്പാകെ ഉച്ചകഴിഞ്ഞ് 2.45നാണ് പത്രിക നല്‍കിയത്.
പ്രിയങ്കയ്ക്കൊപ്പം അലങ്കരിച്ച വാഹനത്തിനു മുകളില്‍ കയറി രാഹുല്‍ കൈ വീശി. രാഹുല്‍ പ്രവര്‍ത്തകരുടെ കരം ഗ്രഹിച്ചു സ്നേഹം പങ്കുവെച്ചു.
അമ്മയുടെ സാന്നിധ്യത്തില്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ച രാഹുല്‍ ശ്രീപെരുമ്പത്തൂരില്‍ ചിതറിമരിച്ച അച്ഛന്‍ രാജീവ് തന്റെ മനസ്സില്‍ ഇന്നും ജീവിക്കുന്നതായി പറഞ്ഞു. രാജീവ്ഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായാണ് അമേഠിയില്‍ മത്സരിക്കുന്നതെന്നും പറഞ്ഞു. തന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൊന്നാണിതെന്നായിരുന്നു സോണിയാഗാന്ധിയുടെ പ്രതികരണം. ഭര്‍ത്താവ് റോബര്‍ട്ട് വധേരയോടൊപ്പം മാറിനിന്ന പ്രിയങ്കയാകട്ടെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കാന്‍ തയ്യാറായില്ല.
റായ്ബറേലി എം.പി. ക്യാപ്റ്റന്‍ സതീശ് ശര്‍മ, പ്രവര്‍ത്തകസമിതി അംഗങ്ങളായ വീരേന്ദ്രസിങ്ങ്, മൊഹ്സിനാ കിദ്വായ് എന്നിവരോടൊപ്പം സുല്‍ത്താന്‍പൂരിലെത്തിയ സോണിയാഗാന്ധിയേയും മകനേയും അമേഠി മുന്‍ എം.പി.യും രാജകുടുംബാംഗവുമായ സഞ്ജയ് സിങ്ങാണ് സ്വീകരിച്ചത്. അമേഠി നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന സഞ്ജയ് സിങ്ങിന്റെ ഭാര്യ അമിതാസിങ്ങ് നേരത്തെത്തന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. സുല്‍ത്താന്‍പൂരില്‍ നിന്നും ലോക്സഭയിലേക്കു മത്സരിക്കുന്ന ക്യാപ്റ്റന്‍ സതീഷ് ശര്‍മയും രാഹുലിനൊപ്പം നാമനിര്‍ദേശപത്രിക നല്‍കി.
24 വര്‍ഷത്തിനുശേഷമാണ് നെഹ്റു കുടുംബത്തിലെ അമ്മയും മകനും ഒരുമിച്ചു തിരഞ്ഞെടുപ്പു നേരിടുന്നത്. 1977ല്‍ ഇന്ദിരാഗാന്ധി റായ്ബറേലിയിലും മകന്‍ സഞ്ജയ് ഗാന്ധി അമേഠിയിലും മത്സരിച്ചിരുന്നെങ്കിലും ഇരുവരും പരാജയപ്പെട്ടു. എന്നാല്‍, 1980ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അമ്മയും മകനും വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചുകയറി. സഞ്ജയിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാജീവ് പിന്നീട് അമേഠിയില്‍ നിന്നു മത്സരിച്ചു. അതിനുശേഷം ഇപ്പോഴാണ് നെഹ്റു കുടുംബത്തിന്റെ അമ്മയായി സോണിയയും മകനായി രാഹുലും ജനവിധി തേടുന്നത്.












Click it and Unblock the Notifications