ലോട്ടറി കേസ്: ചരടുവലിക്കുന്നത് മന്ത്രിബന്ധു
തിരുവനന്തപുരം: ലോട്ടറിക്കേസില്‍ അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് അലംഭാവം കാണിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരു പ്രമുഖ മുസ്ലിം ലീഗ് മന്ത്രിയുടെ ബന്ധുവാണെന്ന് ആരോപണമുയര്‍ന്നു.
ലോട്ടറി കേസുകള്‍ ഹൈക്കോടതിയില്‍ പരാജയപ്പെടുത്താന്‍ വേണ്ടി ഇയാളാണ് ചരടുവലിക്കുന്നതെന്നാണ് ആരോപണം. മന്ത്രിസഭയിലെ ചിലരും ഇയാള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നുണ്ടത്രെ.
ലോട്ടറിക്കേസുകള്‍ പരാജയപ്പെടുത്തുന്നതിനായി കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇയാളുടെ നേതൃത്വത്തില്‍ രഹസ്യയോഗം നടന്നിരുന്നുവെന്ന് അറിയുന്നു. അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിലെ പ്രമുഖര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. കേസില്‍ സുപ്രിം കോടതിയെ സമീപിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രിബന്ധു അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിലെ പ്രമുഖരോട് ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്. ഇതേ തുടര്‍ന്ന് സുപ്രിം കോടതിയെ സമീപിക്കാനുള്ള നീക്കം അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് ഉപേക്ഷിച്ചു.
ലോട്ടറിക്കേസുകള്‍ വാദിച്ചിരുന്ന സീനിയര്‍ ഗവര്‍മെന്റ് പ്ലീഡര്‍ അജിത് പ്രകാശിനെ പിരിച്ചുവിടാന്‍ തീരുമാനിച്ചത് ഇയാളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണത്രെ. ഉന്നതങ്ങളില്‍ ശക്തമായ സ്വാധീനമുള്ള ഇയാളുടെ കൈയില്‍ മാറാട് സംഭവം സംബന്ധിച്ച കാണാതായ ചില രേഖകളുണ്ടെന്നും ആരോപണമുണ്ട്.












Click it and Unblock the Notifications