സുരക്ഷാസന്നാഹം വേണ്ടെന്ന് ഒ. രാജഗോപാല്‍
പാലക്കാട്:പോലീസ് അകമ്പടിയോടെ സഞ്ചരിക്കുന്നു എന്ന് ഇടതുമുന്നണി നേതാക്കള്‍ കുറ്റപ്പെടുത്തിയ സാഹചര്യത്തില്‍ തനിക്ക് അനുവദിച്ചിട്ടുള്ള സുരക്ഷാസന്നാഹം പിന്‍വലിക്കണമെന്ന് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
പോലീസ് അകമ്പടിയുള്ളതുകൊണ്ട് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ അസൗകര്യങ്ങള്‍ ഉണ്ടെന്നും രാജഗോപാല്‍ പറഞ്ഞു.
സുരക്ഷാ സന്നാഹം വേണ്ടെന്ന് കാണിച്ച് താന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതുകയാണെന്ന് പാലക്കാട്ട് ബി.ജെ.പി. ആസ്ഥാനമായ അമൃത ഭവന്‍ ഉദ്ഘാടനം ചെയ്തശേഷം വാര്‍ത്താസമ്മേളനത്തില്‍ രാജഗോപാല്‍ വെളിപ്പെടുത്തി.
ഞാന്‍ ആവശ്യപ്പെട്ടിട്ടല്ല എനിക്ക് സെക്യൂരിറ്റി ഏര്‍പ്പെടുത്തിയത്. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനത്തെത്തുടര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റിന്റെ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഞാന്‍ ചില ഭീകരവാദി സംഘടനകളുടെ ഭീഷണി നേരിടുന്നതായി പറഞ്ഞിരുന്നു. അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ആയിരുന്ന സി.പി.ഐ. നേതാവ് ഇന്ദ്രജിത്ത് ഗുപ്തയാണ് എം.പി. മാത്രമായിരുന്ന എന്നെ ഇസഡ്വിഭാഗത്തില്‍പ്പെടുത്തി സുരക്ഷ ഏര്‍പ്പെടുത്തിയത്.
സുരക്ഷ വേണമെന്ന് ശുപാര്‍ശ ചെയ്തത് കേന്ദ്ര ഏജന്‍സിയാണെങ്കിലും ക്രമസമാധാനം സംസ്ഥാന വിഷയം ആയതിനാലാണ് മുഖ്യമന്ത്രിക്ക് എഴുതുന്നത്. താന്‍ ആരാധനാലയങ്ങളില്‍ പോകുന്നതിനേയും ഇടതുപക്ഷക്കാര്‍ വിമര്‍ശിക്കുന്നു. ഞാന്‍ എന്നും ഈശ്വര വിശ്വാസിയാണ്. ആരാധനാലയങ്ങളില്‍ പോകാറുമുണ്ട്. അമ്പലം ആയാലും പള്ളി ആയാലും ആരാധിക്കുന്നത് ഒരേ ശക്തിയെത്തന്നെയാണ് - രാജഗോപാല്‍ പറഞ്ഞു. തിരുവനന്തപുരത്ത് ബീമാപള്ളിയില്‍ താന്‍ പോയത് ക്ഷണിച്ചിട്ടാണ്. കേന്ദ്രമന്ത്രിയായ തനിക്ക് ആരു നിവേദനം നല്‍കിയാലും സ്വീകരിക്കും. തിരഞ്ഞെടുപ്പ് സമയത്ത് ആര്‍ക്കും വാഗ്ദാനങ്ങള്‍ നല്‍കാറില്ല. തിരുവനന്തപുരത്തെ പ്രധാന പ്രതിയോഗി ആരെന്ന ചോദ്യത്തിന് കോണ്‍ഗ്രസ്സ് മൂന്നാം സ്ഥാനത്താണെന്നായിരുന്നു രാജഗോപാലിന്റെ മറുപടി. ബി.ജെ.പി. ജയിക്കുമെന്ന ഘട്ടം വരുമ്പോള്‍ ഇക്കുറി വോട്ട് മാറി ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications