ബോഫോഴ്സ് കേസ്: സിബിഐ നടപടിയെടുക്കും
ദില്ലി: ബോഫോഴ്സ് ഇടപാടിനെ കുറിച്ചുള്ള മാധ്യമങ്ങളിലെ പുതിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സിബിഐ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വാജ്പേയി പറഞ്ഞു.
ഇറ്റാലിയന്‍ വ്യവസായി ഒട്ടേവിയോ ക്വത്റോച്ചിയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഏഷ്യന്‍ ഏജ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു വാജ്പേയി.
ഏഷ്യന്‍ ഏജില്‍ പ്രസിദ്ധീകരിച്ച ബോഫോഴ്സ് കേസ് അന്വേഷിക്കുന്ന സ്വീഡിഷ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റിഗേറ്ററുടെ ലേഖനമാണ് ബോഫോഴ്സ് കേസിനെ ചുറ്റിപ്പറ്റി പുതിയ വിവാദം ഉയര്‍ത്തിയിരിക്കുന്നത്. കേസില്‍ രാജീവ്ഗാന്ധിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് കഴിഞ്ഞ ഫിബ്രവരി നാലിന് ദില്ലി ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഈ പുതിയ വിവാദം.
സ്വീഡിഷ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റിസേറ്ററായ സ്റെന്‍ ലിന്‍ഡ്സ്റോം എഴുതിയ ലേഖനത്തില്‍ ബോഫോഴ്സ് ഇടപാടുമായി ബന്ധപ്പെട്ട് പണം നല്‍കിയതിനെ കുറിച്ചുള്ള യഥാര്‍ഥ വസ്തുതകള്‍ ഇന്ത്യയില്‍ നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നിട്ടില്ലെന്ന്് പറയുന്നു. ഇന്ത്യയിലെ രാഷ്ട്രീയ സുഹൃത്തുക്കള്‍ക്ക് ഒട്ടേവിയോ ക്വത്റോച്ചിക്ക് പണം എത്തിച്ചിട്ടുണ്ടാവാമെന്ന് സംശയിക്കുന്നതായി ലേഖനത്തില്‍ പറയുന്നു.
ബോഫോഴ്സിന്റെ ഉദ്യോഗസ്ഥനായ മാര്‍ട്ടിന്‍ അര്‍ദ്ബോയ്ക്ക് എല്ലാ സത്യവും അറിയാമായിരിക്കാം. ഇടപാടുമായി ബന്ധപ്പെട്ട് രാജീവ്ഗാന്ധിയുടെ വിധവയും കോണ്‍ഗ്രസ് പ്രസിഡന്റുമായ സോണിയാഗാന്ധിയെ ചോദ്യം ചെയ്യേണ്ടതുണ്ട്. അന്വേഷകരെ വഴിത്തെറ്റിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട് ആര്‍ക്കും പണം നല്‍കിയിട്ടില്ല എന്ന ഇന്ത്യയിലെ അന്വേഷകരുടെ അവകാശവാദം സ്വീഡിഷ് നാഷണല്‍ ഓഡിറ്റ് ബ്യൂറോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ പണം നല്‍കിയതു സംബന്ധിച്ച പരാമര്‍ശമുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്- ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications