രവീന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകരായ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച കക്കട്ടില്‍ കല്ലുപുരയില്‍ രവീന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു.
ഏപ്രില്‍ എട്ട് വ്യാഴാഴ്ച രാവിലെ 10 മണിയോടെ കക്കട്ടില്‍ അമ്പലക്കുളങ്ങരയിലെ രവീന്ദ്രന്റെ വീട്ടുവളപ്പിലാണ് ശവസംസ്കാരം നടന്നത്.
രവീന്ദ്രന്റെ കൊലയില്‍ പ്രതിഷേധിച്ച് സിപിഎം ഹര്‍ത്താല്‍ ആചരിച്ച ബുധനാഴ്ച വടകര താലൂക്കില്‍ അക്രമസംഭവങ്ങളുണ്ടായി. കല്ലാച്ചിയിലെ ബിജെപി ഓഫീസ് ഒരു സംഘം പേര്‍ കത്തിച്ചു. ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി.
അമ്പലക്കുളങ്ങരയില്‍ രാത്രി കൂടിനിന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പൊലീസിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ എസ്ഐക്കും ഏതാനും പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്പലക്കുളങ്ങര കനാല്‍ പരിസരത്ത് ബുധനാഴ്ച ബോംബ് സ്ഫോടനമുണ്ടായി. അമ്പലക്കുളങ്ങരയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. കൃഷി നിശിപ്പിക്കപ്പെട്ടു. ഈ പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍ വീടൊഴിഞ്ഞുപോയിരിക്കുകയാണ്.
രവീന്ദ്രന്റെ ശവസംസ്കാരം ബുധനാഴ്ചയാണ് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ദുബായിലുള്ള മകന്‍ രജീഷ് വ്യാഴാഴ്ച രാവിലെ എത്തുമെന്ന് അറിയിച്ചതിനാലാണ് ശവസംസ്കാരം മാറ്റിയത്.
വിവിധ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ വിലാപയാത്രയായാണ് രവീന്ദ്രന്റെ മൃതദേഹം അമ്പലക്കുളങ്ങരയിലേക്ക് കൊണ്ടുവന്നത്. വിലാപയാത്ര കടന്നുപോയ ഉടനെയാണ് കല്ലാച്ചിയില്‍ ബിജെപി ഓഫീസ് തീവച്ചത്.












Click it and Unblock the Notifications