ശോഭനാ ജോര്‍ജിനെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: മന്ത്രി കെ.വി. തോമസിനെതിരെ വ്യാജരേഖക്കേസില്‍ പ്രതിയായ ശോഭനാ ജോര്‍ജിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ കെപിസിസി അച്ചടക്ക സമിതി കെപിസിസി പ്രസിഡന്റിനോട് ശുപാര്‍ശ ചെയ്തു.
മുഖ്യമന്ത്രി എ. കെ. ആന്റണിക്കെതിരെ പരസ്യമായ പ്രസ്താവന നടത്തിയതിനാണ് ശോഭനാ ജോര്‍ജിനെ അഞ്ച് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തത്. ഇതില്‍ ഒന്നര വര്‍ഷം പൂര്‍ത്തിയായി. 2002 ഡിസംബറിലാണ് അച്ചടക്ക സമിതിയുടെ ശുപാര്‍ശ പ്രകാരം കെപിസിസി പ്രസിഡന്റ് ശോഭനയെ അഞ്ച് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തത്.
ആന്റണിക്കെതിരെ പ്രസ്താവന നടത്തിയ തന്റെ നടപടിയില്‍ മാപ്പ് അപേക്ഷിച്ചുകൊണ്ട് ഒരാഴ്ച മുമ്പ് ശോഭനാ ജോര്‍ജ് കെപിസിസി പ്രസിഡന്റിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തത്.
അച്ചടക്ക സമിതി ചെയര്‍മാന്‍ സി. വി. പത്മരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഹൈക്കമാന്റിന്റെ അനുമതിയോടെ കെപിസിസി പ്രസിഡന്റാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കേണ്ടത്.
അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്കെതിരെ സ്വമേധയാ നടപടിയെടുക്കുന്നതിന് അച്ചടക്ക സമിതിക്ക് അധികാരം നല്‍കുന്നതിന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയോട് ആവശ്യപ്പെടുന്നതിനും സമിതി തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications