ബോഫോഴ്സ്; വാജ്പേയി കളിയ്ക്കുന്നു : കോണ്‍ഗ്രസ്
അഹമ്മദാബാദ്: ബോഫോഴ്സ് കേസില്‍ പ്രധാനമന്ത്രി എന്ന നിലയ്ക്കുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് വാജ്പേയി സിബിഐയെ സ്വാധീനിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിംഗ്.
ബോഫോഴ്സ് കോഴ കൈപ്പറ്റിയതില്‍ സോണിയയ്ക്കും പങ്കുണ്ടെന്ന പുതിയ ആരോപണത്തിന്റെ പേരില്‍ സിബിഐ അന്വേഷണത്തിന് വാജ്പേയി നിര്‍ബന്ധിയ്ക്കുകയാണ്. സോണിയാഗാന്ധിയ്ക്കെതിരായ ആരോപണത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുമെന്ന വാജ്പേയിയുടെ പ്രസ്താവന നിരുത്തരവാദപരമായ ഒന്നാണ്. - മന്‍മോഹന്‍സിംഗ് പറഞ്ഞു.
രാജീവ് ഗാന്ധിയെ ബോഫോഴ്സ് കേസില്‍ ദില്ലി ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടുള്ളതാണ്. അങ്ങിനെയിരിക്കെ പുതിയ ആരോപണത്തെക്കുറിച്ച് സോണിയഗാന്ധിയ്ക്കെതിരെ സിബിഐ അന്വേഷണം നടത്താന്‍ ആലോചിച്ച വാജ്പേയി സോണിയയോട് മാപ്പ് പറയണമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷമായി കേസന്വേഷിച്ചിരുന്ന സിബിഐ ഇതുവരെ സോണിയയെ ചോദ്യം ചെയ്തിട്ടില്ല. കഴിഞ്ഞ ആറ് വര്‍ഷമായി കോണ്‍ഗ്രസ് ഭരണത്തിലില്ലാത്തതിനാല്‍ ഈ കേസന്വേഷണത്തില്‍ കോണ്‍ഗ്രസ് സ്വാധീനം ചെലുത്തി എന്നും പറയാനാകില്ല. പിന്നെന്തുകൊണ്ട് ഈ കേസില്‍ സിബിഐ സോണിയയെ ഇതുവരെ ചോദ്യം ചെയ്തില്ല.- മന്‍മോഹന്‍സിംഗ് ചോദിച്ചു.
സോണിയയ്ക്കെതിരായ പുതിയ ആരോപണം ബിജെപി സൃഷ്ടിച്ച ഒന്നാണ്. വികസനകാര്യങ്ങള്‍ സംസാരിക്കാതെ അനാവശ്യവിഷയങ്ങള്‍ തിരഞ്ഞെടുപ്പിലേക്ക് വലിച്ചിടുകയാണ് ബിജെപി. രാജ്യത്തുടനീളം കര്‍ഷകര്‍ സഹിയ്ക്കുന്ന ദുരിതങ്ങള്‍ക്ക് കാരണമെന്തെന്ന ചോദ്യത്തിന് ബിജെപിയ്ക്ക് ഉത്തരമില്ല. ബോഫോഴ്സ്, വിദേശപൗരത്വം തുടങ്ങിയ അപ്രസക്തവിഷയങ്ങളിലാണ് ബിജെപിയ്ക്ക് താല്പര്യം. - മന്‍മോഹന്‍സിംഗ് പറഞ്ഞു.












Click it and Unblock the Notifications