വിദ്യാസാഗറിനെതിരെ നടപടി വരുന്നു
ആലപ്പുഴ: മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തില്‍ ഐഎഫ്ഡിപി സ്ഥാനാര്‍ത്ഥിയായ പി.സി. തോമസിന് പിന്തുണ നല്കുമെന്ന വിദ്യാസാഗറിന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനം ഉയരുന്നു.
വിദ്യാസാഗറിനെതിരെ അച്ചടക്കനടപടിയെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. യോഗത്തിന്റെ നിലപാടിന് വിരുദ്ധമാണ് വിദ്യാസാഗറിന്റെ പ്രസ്താവനയെന്ന് പറയപ്പെടുന്നു.
പിന്നോക്കാഭിമുഖ്യമുള്ളതും എസ്എന്‍ഡിപി യോഗത്തിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നവരുമായ സ്ഥാനാര്‍ത്ഥികളെ സഹായിക്കാനായിരുന്നു എസ്എന്‍ഡിപി യോഗം കൗണ്‍സില്‍ തീരുമാനിച്ചത്. അതിനിടയില്‍ ഒരു സ്ഥാനാര്‍ത്ഥിയെ മാത്രം ഉയര്‍ത്തിക്കാട്ടിയതിനാലാണ് വിദ്യാസാഗറിനെതിരെ വിമര്‍ശനം ഉയരുന്നത്.
തിരഞ്ഞെടുപ്പിന് മുമ്പ് കെ.എം. മാണി തന്റെ മകന് പിന്തുണ ഉറപ്പാക്കാന്‍ വെള്ളാപ്പള്ളി നടേശനെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. പിന്തുണയാകാമെന്ന് വെള്ളാപ്പള്ളി മാണിയ്ക്ക് ഉറപ്പും നല്കിയിരുന്നതായി പറയുന്നു. അതിനിടയില്‍ കടകവിരുദ്ധമായ രീതിയില്‍ വിദ്യാസാഗറിന്റെ പ്രസ്താവന വന്നത് വെള്ളാപ്പള്ളിയെ കൂടുതല്‍ രോഷാകുലനാക്കിയിട്ടുണ്ട്. അടുത്ത യോഗം കൗണ്‍സില്‍ യോഗത്തില്‍ വിദ്യാസാഗറിനെതിരായ അച്ചടക്ക നടപടി ചര്‍ച്ചാവിഷയമാകുമെന്ന് അറിയുന്നു.












Click it and Unblock the Notifications