തൃശൂര്‍ കരുണാകരന് കുരിശാകുന്നു
തൃശൂര്‍: എന്‍എസിഎസിന്റെ എതിര്‍പ്പിന് പുറമെ തൃശൂരിലെ മേയര്‍ രാഷ്ട്രീയവും കരുണാകരന് കുരിശാകുന്നു. കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തെയും ഡപ്യൂട്ടി മേയര്‍ സ്ഥാനത്തെയും ചൊല്ലിയുള്ള എ, ഐ ഗ്രൂപ്പ് വഴക്ക് പുതിയ മാനങ്ങളിലേക്ക് വളരുകയാണ്.
കരുണാകരനും ആന്റണിയും തമ്മിലുള്ള വഴക്ക് തീര്‍ന്നതിന്റെ ഭാഗമായി തൃശൂര്‍ മേയര്‍ സ്ഥാനം എ ഗ്രൂപ്പിന് വിട്ടുകൊടുക്കാമെന്ന് കരുണാകരന്‍ സമ്മതിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഐ ഗ്രൂപ്പുകാരനായ ജോസ് കാട്ടൂക്കാരന്‍ മേയര്‍ സ്ഥാനം രാജിവച്ചത്. എന്നാല്‍ പുതിയ മേയറായി ജില്ലയിലെ ഐ ഗ്രൂപ്പുകാര്‍ക്ക് താല്പര്യമില്ലാത്ത രാധാകൃഷ്ണനെയാണ് എ ഗ്രൂപ്പുകാര്‍ നിയമിച്ചത്. ഇതിന് പകരമായി സിപിഎം സഹായത്തോടെ ഐ ഗ്രൂപ്പുകാരനായ പി.എസ്. ജോണി ഡപ്യൂട്ടി മേയറായി. ഇത് എ വിഭാഗത്തെ ഞെട്ടിച്ചു. ഐ ഗ്രൂപ്പ് നേതാവായ പി.പി. ജോര്‍ജ്ജാണ് ഈ കളിക്ക് പിന്നില്‍. പക്ഷെ ജില്ലയിലെ മറ്റൊരു ഐ നേതാവായ സി.എന്‍. ബാലകൃഷ്ണന് അതത്ര പിടിച്ചിട്ടില്ല. വടക്കാഞ്ചേരിയില്‍ മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുന്നത് സി.എന്‍. ബാലകൃഷ്ണനാണ്. അതുകൊണ്ട് പ്രശ്നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കണ്ടേ തീരൂ.
എ ഗ്രൂപ്പുകാര്‍ മേയര്‍, ഡപ്യൂട്ടീ മേയര്‍ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേയ്ക്ക് എ ഗ്രൂപ്പുകാരനായ ഐ.പി. പോളിനെ നിയമിക്കണമെന്ന പിടിവാശിയിലാണ് അവര്‍. ഇപ്പോള്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേയ്ക്ക് രാധാകൃഷ്ണനെ പിന്തുണയ്ക്കണമെങ്കില്‍ ഡപ്യൂട്ടി മേയറായ പി.എസ്. ജോണിയുടെ രാജി ആവശ്യപ്പെടരുതെന്ന ഒരു ഒത്തുതീര്‍പ്പ് നിര്‍ദേശമാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വച്ചിരിയ്ക്കുന്നത്. പക്ഷെ ഇതിന് വഴങ്ങാന്‍ കഴിയില്ലെന്ന് ജില്ലയിലെ എ വിഭാഗം നേതാവ് കെ.പി. വിശ്വനാഥന്‍ എംഎല്‍എ പ്രഖ്യാപിച്ചിട്ടുണ്ട്. മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ എ ഗ്രൂപ്പിന് നല്കുന്നതുവരെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്ക്കാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം. ഇത് മുരളീധരന്‍ മത്സരിയ്ക്കുന്ന വടക്കാഞ്ചേരിയില്‍ ഐ ഗ്രൂപ്പിന് തിരിച്ചടിയാകും.












Click it and Unblock the Notifications