ചോദ്യക്കടലാസ് ചോര്‍ന്നു; പ്രവേശന പരീക്ഷ മാറ്റി
ദില്ലി: ചോദ്യക്കടലാസ് ചോര്‍ന്നതിനെ തുടര്‍ന്ന് ഏപ്രില്‍ 11 ഞായറാഴ്ച നടക്കാനിരുന്ന സി.ബി.എസ്.ഇ. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ മാറ്റിവച്ചു. പരീക്ഷ നടക്കുന്ന പുതുക്കിയ തീയതി ഞായറാഴ്ച വൈകീട്ടോടെ അറിയിയ്ക്കുമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രില്‍ പത്ത് ശനിയാഴ്ച രാത്രി ദില്ലിയിലാണ് ചോദ്യക്കടലാസ് ചോര്‍ന്നതായി വിവരം കിട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ് ചെയ്തിട്ടുണ്ട്. ചോദ്യക്കടലാസ് ചോര്‍ത്തിയതില്‍ മുഖ്യപങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേരെയും ചോദ്യക്കടലാസ് വാങ്ങാനെത്തിയ അഞ്ച് പെണ്‍കുട്ടികളടക്കം 12 പേരെയുമാണ് ദില്ലി പൊലീസ് അറസ്റ് ചെയ്തത്. ചോദ്യക്കടലാസ് കൈമാറുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്ന് ചോദ്യപ്പേപ്പറിന്റെ കൈയെഴുത്ത് പ്രതിയും കണ്ടെടുത്തിട്ടുണ്ട്.
കിഴക്കന്‍ ദില്ലിയിലെ അശോക്നഗറിലെ ഒരു വീട്ടില്‍ നിന്നാണ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യക്കടലാസുകള്‍ കണ്ടെത്തിയത്. കൈകൊണ്ട് പകര്‍ത്തിയെഴുതിയ നിലയിലായിരുന്നു ചോദ്യക്കടലാസുകള്‍.
രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപയ്ക്കാണ് ചോദ്യക്കടലാസുകള്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റിന് ശേഷവും ദില്ലിയില്‍ പലയിടത്തും രാത്രി വൈകിയും റെയ്ഡുകള്‍ നടന്നു.
ഇന്ത്യയിലെമ്പാടുമായി 454 കേന്ദ്രങ്ങളില്‍ രണ്ടര ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. 31 നഗരങ്ങളിലായിരുന്നു പരീക്ഷ. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കേന്ദ്രങ്ങള്‍. കേരളത്തില്‍ ആറായിരത്തോളം പേരാണ് പരീക്ഷ എഴുതുന്നത്.
ചേദ്യക്കടലാസ് ചോര്‍ന്നത് കാരണം പരീക്ഷ മാറ്റിവച്ചത് അറിയാതെ ഒട്ടേറെ പേര്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിയിരുന്നു. ദൂര ദിക്കുകളില്‍ നിന്നാണ് പലരും പരീക്ഷയ്ക്ക് എത്തിയത്.
ഈസ്റര്‍ ദിനത്തില്‍ പരീക്ഷ നടത്തുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ചിലര്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജി നേരത്തെ തള്ളിയിരുന്നു.
രണ്ട് മാസം മുമ്പ് ഐ.ഐ.എം. പ്രവേശനപരീക്ഷയായ കാറ്റിന്റെ ചോദ്യ പേപ്പറുകളും ചോര്‍ന്നിരുന്നു.












Click it and Unblock the Notifications