തൊഗാഡിയയെ വിലക്കിയത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍
തിരുവനന്തപുരം: ഹിന്ദു ഐക്യവേദിയുടെ ഹിന്ദു അവകാശ പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിഎച്ച്പി അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി പ്രവിണ്‍ തൊഗാഡിയയെ തടഞ്ഞത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍.
തൊഗാഡിയ നടത്തിയേക്കാവുന്ന പ്രകോപനപരമായ പ്രസംഗത്തോട് എന്‍ഡിഎഫില്‍ നിന്നും പിഡിപിയില്‍ നിന്നും കനത്ത പ്രതികരണമുണ്ടാകുമെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
എന്നാല്‍ തൊഗാഡിയയുടെ 35 മിനുട്ട് നേരം നീണ്ടുനിന്ന പ്രസംഗം ഫോണിലൂടെ തുടര്‍ന്നപ്പോള്‍ അത് തടയാന്‍ പൊലീസ് തയ്യാറായില്ല. പ്രസംഗം കനത്ത പ്രതികരണമുണ്ടാക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൊഗാഡിയക്ക് വിലക്കേര്‍പ്പെടുത്തിയ അധികൃതര്‍ തൊഗാഡിയയുടെ ടെലഫോണിലൂടെയുള്ള പ്രസംഗം തടയേണ്ടതായിരുന്നെങ്കിലും അതിന് മുതിരാത്തത് എന്തുകൊണ്ടെന്ന ചോദ്യമുയരുന്നു.
അതേ സമയം തൊഗാഡിയയുടെ പ്രസംഗത്തോട് പിഡിപിയില്‍ നിന്നോ എന്‍ഡിഎഫില്‍ നിന്നോ പ്രത്യേകിച്ചൊരു പ്രതികരണവുമുണ്ടായില്ല. തൊഗാഡിയ തിരുവനന്തപുരത്ത് എത്തുന്നതിനോട് ഒരു മുസ്ലിം സംഘടനയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല.
തൊഗാഡിയയുടെ പ്രസംഗം റെക്കോഡ് ചെയ്ത് കേള്‍പ്പിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. എങ്കില്‍ത്തന്നെയും പ്രകോപനപരമായ പ്രസംഗം തുടരുന്നത് തടയാനായി പൊലീസിന് കാസറ്റ് പിടിച്ചെടുക്കാമായിരുന്നു. അതുചെയ്യാതെ സമ്മേളനത്തിന് ശേഷം കേസെടുക്കുക മാത്രമാണ് പൊലീസ് ചെയ്തത്.












Click it and Unblock the Notifications