സാരി ദുരന്തം: ഠണ്ഡനെതിരെ കേസെടുക്കും
ദില്ലി: പ്രധാനമന്ത്രി എ. ബി. വാജ്പേയിയുടെ മണ്ഡലമായ ലക്നൗവില്‍ സാരി വിതരണത്തെ തുടര്‍ന്ന് 21 സ്ത്രീകളും ഒരു കുട്ടിയും മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബിജെപി നേതാവും വാജ്പേയിയുടെ തിരഞ്ഞെടുപ്പ് ഏജന്റുമായ ലാല്‍ജി ഠണ്ഡനെതിരെ കേസെടുക്കും.
സാരി വിതരണ പരിപാടി ചട്ടലംഘനമായിരുന്നുവെന്നും നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിക്ക് നോട്ടീസ് നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു.
ലാല്‍ജി ഠണ്ഡനും മറ്റ് ബിജെപി നേതാക്കള്‍ക്കുമെതിരെ വോട്ടര്‍മാരെ കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ കേസെടുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശ നല്‍കി. ലക്നൗ ജില്ലാ കളക്ടര്‍, സീനിയര്‍ പൊലീസ് സൂപ്രണ്ട് എന്നിവരെ സ്ഥലം മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസിന് ഒരാഴ്ചയ്ക്കുള്ളില്‍ ബിജെപി മറുപടി നല്‍കണം. സാരി വിതരണം പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.












Click it and Unblock the Notifications