നടി സൗന്ദര്യ വിമാന അപകടത്തില്‍ മരിച്ചു
ബാംഗ്ലൂര്‍: തെന്നിന്ത്യന്‍ ചലച്ചിത്ര നടി സൗന്ദര്യയും മറ്റ് മൂന്ന് പേരും വിമാനം തകര്‍ന്ന് വീണ് മരിച്ചു.
ഏപ്രില്‍ 17 ശനിയാഴ്ച ബാംഗ്ലൂരില്‍ ജക്കൂര്‍ എന്ന സ്ഥലത്താണ് വിമാനം തകര്‍ന്നുവീണത്. ആന്ധ്രാപ്രദേശിലെ കരിംനഗറിലെ ബിജെപി സ്ഥാനാര്‍ഥിയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനായി പോവുകയായിരുന്നു മുപ്പത്തിരണ്ടുകാരിയായ സൗന്ദര്യ. തിരഞ്ഞെടുപ്പ് പര്യടനത്തിനായി ബിജെപി വാടകയ്ക്കെടുത്ത ഒരു സ്വകാര്യ വിമാനത്തിലാണ് സൗന്ദര്യ സഞ്ചരിച്ചിരുന്നത്.
ശനിയാഴ്ച രാവിലെ 11.05ന് ജാക്കുറില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മിനുട്ടുകള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സൗന്ദര്യയുടെ സഹോദരന്‍ അമര്‍നാഥ്, ബിജെപി പ്രവര്‍ത്തകന്‍ രമേഷ്കദം, പൈലറ്റ് ക്യാപ്റ്റന്‍ ജോയി ഫിലിപ് എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
തമിഴ്, തെലുങ്ക് സിനിമാലോകത്തെ മുന്‍നിര നടിയായ സൗന്ദര്യ 2003 ഏപ്രില്‍ 27നാണ് വിവാഹിതയായത്. സോഫ്റ്റ്വേര്‍ എഞ്ചിനീയറായ ജി. എസ്. രഘുവാണ് ഭര്‍ത്താവ്. ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ 10 ദിവസം മാത്രം അവശേഷിക്കുമ്പോഴാണ് ദുരന്തമുണ്ടായത്.
ഈയിടെ മലയാള സിനിമകളിലും സൗന്ദര്യ അഭിനയിച്ചിരുന്നു. കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രാക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ ചിത്രങ്ങളില്‍ നായികയായിരുന്നു. കമല്‍ സംവിധാനം ചെയ്യാനിരുന്ന മുന്തിരിപ്പൂക്കളുടെ അതിഥി എന്ന ചിത്രത്തില്‍ സൗന്ദര്യയെ നായികയാക്കാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയിലേക്ക് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി നേരിട്ട് ക്ഷണിച്ചതിനെ തുടര്‍ന്ന് സൗന്ദര്യ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ കമല്‍ ഈ ചിത്രം റദ്ദാക്കുകയായിരുന്നു.












Click it and Unblock the Notifications