തീവണ്ടിയിലെ കൊല: സുഹൃത്തുക്കളെ സംശയം
ആലപ്പുഴ: തീവണ്ടിയില്‍ വച്ച് യുവാവ് കൊല ചെയ്യപ്പെട്ട സംഭവത്തിന് പിന്നില്‍ സുഹൃത്തുക്കളായ കച്ചവടക്കാരാണെന്ന് പൊലീസ് സംശയിക്കുന്നു.
പാലക്കാട് പറക്കുന്നം മുഹമ്മദ് ഹനീഫയുടെ മകന്‍ മുസ്തഫയെ (30)യാണ് ഏപ്രില്‍ 18 ഞായറാഴ്ച രാത്രി ഒമ്പതരയ്ക്ക് എറണാകുളത്തു നിന്നും കായംകുളത്തെത്തിയ പാസഞ്ചര്‍ തീവണ്ടിയില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടത്. ഉത്സവപറമ്പുകളില്‍ പാവകളും മറ്റും വിറ്റു നടക്കുന്നയാളാണ് മുസ്തഫ.
മുസ്തഫയുടെ കൂട്ടുകാരായ രണ്ട് പേരെയാണ് പൊലീസ് കൊലപാതത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് സംശയിക്കുന്നത്. കൂട്ടുകാരാണെങ്കിലും ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ സംഘട്ടനങ്ങളുണ്ടാവാറുണ്ട്. മുസ്തഫ മരിച്ചിട്ടും വിവരമറിഞ്ഞ് ഇവരെത്തിയില്ല എന്നതാണ് പൊലീസിന്റെ സംശയം ഇവരിലേക്ക് നീളാന്‍ കാരണം.
തീവണ്ടിയിലെ കമ്പാര്‍ട്ട്മെന്റില്‍ നിന്നും രക്തമൊഴുകുന്നതു കണ്ട് യാത്രക്കാര്‍ റെയില്‍വെ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മുസ്തഫ കൊല ചെയ്യപ്പെട്ട നിലയില്‍ കിടക്കുന്നതു കണ്ടെത്തിയത്. ഹരിപ്പാടിനും കായംകുളത്തിനും ഇടയില്‍ വച്ചാവണം കൊല നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.












Click it and Unblock the Notifications