ടെക്നോപാര്‍ക്കില്‍ താജ് ഹോട്ടല്‍
തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ ഈ വര്‍ഷം താജ് ഹോട്ടല്‍ തുടങ്ങും. പാര്‍ക്ക് കാമ്പസിലെ ടെക്നോപാര്‍ക്ക് ക്ലബിന് സമീപമായാണ് ഹോട്ടല്‍ സ്ഥാപിക്കുന്നത്.
ടെക്നോപാര്‍ക്കിലെ ഏതാനും കമ്പനികള്‍ പ്രവര്‍ത്തനം വിപുലീകരിക്കുവാന്‍ ഒരുങ്ങുമ്പോഴാണ് താജ് ഹോട്ടല്‍ പാര്‍ക്കില്‍ സ്ഥാപിക്കുന്നത്. ഈ കമ്പനികളുടെ വിപുലീകരണത്തോടെ ടെക്നോപാര്‍ക്ക് വികസനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കും.
ഈ വര്‍ഷം തന്നെ താജ് ഹോട്ടല്‍ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അറുപതിലേറെ ഹോട്ടലുകളുള്ള താജ് ഗ്രൂപ്പിന്റെ പുതിയ ബ്രാന്റില്‍ പെടുന്ന ഹോട്ടലായിരിക്കും ഇത്. ഇപ്പോള്‍ ബിസിനസ്, ലക്ഷ്വറി, ലിഷര്‍ തുടങ്ങിയ ഇനങ്ങളില്‍ പെട്ട ഹോട്ടലുകളാണ് താജിനുള്ളത്. ഈ മൂന്ന് മേഖലയെയും സംയോജിപ്പിച്ചുള്ള ഹോട്ടലായിരിക്കും ടെക്നോപാര്‍ക്കില്‍ ഉയരുന്നത്. 100 മുറികളോട് കൂടിയുള്ളതായിരിക്കും ഈ ആഡംബര ഹോട്ടല്‍.
തങ്ങള്‍ക്ക് ഇണങ്ങുന്ന ഒരു ഹോട്ടല്‍ കാമ്പസില്‍ ഇല്ലെന്നത് ഇവിടുത്തെ കമ്പനികളുടെ സ്ഥിരം പരാതിയായിരുന്നു. ദിവസവും ഇന്ത്യയ്ക്കകത്തും പുറത്തും നിന്നായി ധാരാളം പ്രതിനിധികള്‍ ടെക്നോപാര്‍ക്കില്‍ എത്തുന്നുണ്ട്. താജ് ഹോട്ടല്‍ വരുന്നതോടെ സോഫ്റ്റ്വേര്‍ കമ്പനികളുടെ പരാതികള്‍ക്ക് പരിഹാരമാവുകയാണ്.
യുകെ ഇന്‍ഷ്വറന്‍സ് കമ്പനിയായ അലയന്‍സിന്റെ ഇന്ത്യയിലെ സ്ഥാപനമായ അലയന്‍സ് കോണ്‍ഹില്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്, മറ്റൊരു യുകെ കമ്പനിയായ ആര്‍എംപിഎല്‍സി, എര്‍ണ്സ്റ്റ് ആന്റ് യംഗ്, ഷെര്‍സ്റണ്‍ സോഫ്റ്റ്വേര്‍ സര്‍വീസസ് ആന്റ് വിഷ്വല്‍ ഗ്രാഫിക്സ് എന്നിവയാണ് ടെക്നോപാര്‍ക്കിലെ പ്രവര്‍ത്തനം വിപുലീകരിക്കുന്നത്. ഇതോടെ ടെക്നോപാര്‍ക്കില്‍ ഐടി, ഐടിഇഎസ് മേഖലകളിലായി പുതിയ 1,000 തൊഴിലവസരങ്ങള്‍ കൂടി ഉണ്ടാകും.












Click it and Unblock the Notifications