കോണ്‍ഗ്രസിലെ വഴക്ക് പ്രശ്നമായി: ആന്റണി
തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷത്തെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ബുദ്ധിമുട്ടേറിയതാക്കിയതെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങള്‍ പ്രചാരണത്തിന്റെ ആദ്യഘട്ടത്തെ ബാധിച്ചു. എന്നാല്‍ ഇപ്പോഴത് മാറിവരികയാണ്. യുഡിഎഫിന് ജയിക്കാന്‍ ഒരാഴ്ചത്തെ പ്രചാരണം മാത്രം മതിയെന്നും നേരത്തെ പ്രചാരണം തുടങ്ങിയ എല്‍ഡിഎഫ് ഇപ്പോള്‍ തളര്‍ന്നിരിക്കുകയാണെന്നും ആന്റണി പറഞ്ഞു. ഏപ്രില്‍ 21 ബുധനാഴ്ച കണ്ണൂര്‍ പ്രസ് ക്ലബിന്റെ ജനവിധി- 2004 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് കേരളത്തിലെ ജനങ്ങളെ ബാധിച്ചിരിക്കുന്നു. കോണ്‍ഗ്രസിലുണ്ടായ ഐക്യത്തിന്റെ സന്ദേശം എല്ലായിടത്തുമെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നവോത്ഥാന ജാഥ നടത്തുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദനും തന്നെയും കെ. കരുണാകരനെയും കണ്ട് പഠിക്കണം. തെറ്റുകള്‍ ഏറ്റുപറയുന്നത് തെറ്റല്ല. എന്നാല്‍ സിപിഎം ഒരിക്കലും തങ്ങളുടെ തെറ്റുകള്‍ സമ്മതിക്കാറില്ല. യുഡിഎഫിലെ ഒരു കക്ഷിയും മുന്നണി വിട്ട് എല്‍ഡിഎഫിനൊപ്പം ചേരില്ല.
ബിജെപി ഭരണം അവസാനിപ്പിച്ച് മതേതരത്വത്തെ സംരക്ഷിക്കുന്നതിനായി കോണ്‍ഗ്രസിന് വോട്ട് ചെയ്യണം. ദേശീയതലത്തില്‍ ഇപ്പോള്‍ രണ്ട് മുന്നണികള്‍ മാത്രമേയുള്ളൂ. കോണ്‍ഗ്രസിനെ പുറത്തു നിന്ന് പിന്തുണക്കാനാണ് സിപിഎം ഒരുങ്ങുന്നത്. പുറത്തുനിന്ന് പിന്തുണക്കുന്നവര്‍ക്ക് വോട്ട് ചെയ്യുന്നതിന് പകരം കോണ്‍ഗ്രസിന് നേരിട്ട് വോട്ട് ചെയ്യുകയാണ് വേണ്ടത്.
ജയിലുകളില്‍ പാര്‍ട്ടി സെല്ലുകള്‍ അനുവദിക്കില്ലെന്ന് ആന്റണി വ്യക്തമാക്കി. മന്ത്രിമാരായ എം. വി. രാഘവന്‍, ടി. എം. ജേക്കബ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications