വീരേന്ദ്രകുമാറിന് പിന്തുണ: വെള്ളാപ്പള്ളി
ആലപ്പുഴ: കോഴിക്കോട് എം. പി. വീരേന്ദ്രകുമാറിനെയും മൂവാറ്റുപുഴയില്‍ ജോസ് കെ. മാണിയെയും എസ്എന്‍ഡിപി പിന്തുണയ്ക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.
ഏപ്രില്‍ 19 തിങ്കളാഴ്ച ചേര്‍ത്തലയില്‍ ചേര്‍ന്ന എസ്എന്‍ഡിപി യോഗം കൗണ്‍സില്‍ സംഘടനയുടെ നയപ്രഖ്യാപനം നടത്താനുള്ള അവകാശം ജനറല്‍ സെക്രട്ടറിക്കാണെന്ന് തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന് ശേഷം വെള്ളാപ്പള്ളി ആദ്യമായി നടത്തിയ പ്രസ്താവനയിലാണ് വീരേന്ദ്രകുമാറിനെയും ജോസ് കെ. മാണിയെയും പിന്തുണയ്ക്കുന്നതായി അറിയിച്ചത്.
വീരേന്ദ്രകുമാര്‍ പിന്നോക്ക ആഭിമുഖ്യമുള്ള നേതാവാണ്. ജോസ് കെ. മാണിയ്ക്ക് എസ്എന്‍ഡിപിയോട് ആഭിമുഖ്യമുണ്ട്- വെള്ളാപ്പള്ളി പറഞ്ഞു.
മറ്റ് മണ്ഡലങ്ങളില്‍ പിന്നോക്ക ആഭിമുഖ്യമുള്ളവരെ പിന്തുണയ്ക്കും. മുകുന്ദപുരത്ത് പത്മജ വേണുഗോപാല്‍ മത്സരിക്കാതെ മാറിനില്‍ക്കേണ്ടതായിരുന്നു. മക്കള്‍ രാഷ്ട്രീയം അപമാനകരമാണ്- വെള്ളാപ്പള്ളി വ്യക്തമാക്കി.
എസ്എന്‍ഡിപിയിലെ വെള്ളാപ്പള്ളി-വിദ്യാസാഗര്‍ വടംവലി പുതിയൊരു വഴിത്തിരിവിലേക്ക് നയിച്ചുകൊണ്ടാണ് സംഘനയുടെ വക്താവായി സംസാരിക്കേണ്ടത് ജനറല്‍ സെക്രട്ടറിയാണെന്ന് യോഗം കൗണ്‍സില്‍ തീരുമാനിച്ചത്. കൗണ്‍സിലില്‍ എസ്എന്‍ഡിപി പ്രസിഡന്റ് സി. കെ. വിദ്യാസാഗര്‍ പങ്കെടുത്തിരുന്നില്ല. തൃശൂരില്‍ ഒരു കേസിന് വേണ്ടി ഹാജരാവേണ്ടതിനാലാണ് വിദ്യാസാഗര്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് എസ്എന്‍ഡിപി പറയുന്നത്. അതേ സമയം അദ്ദേഹം യോഗം ബഹിഷ്കരിക്കുകയായിരുന്നുവെന്ന് ഒരു വിഭാഗം പറയുന്നു.












Click it and Unblock the Notifications