തൃശൂര്‍ പൂരം: ചമയങ്ങള്‍ ഒരുങ്ങുന്നു
തൃശൂര്‍: പൂരത്തിനുള്ള ആനച്ചമയങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് തിരുവമ്പാടിയും പാറമേക്കാവും. ഏപ്രില്‍ 30നാണ് തൃശൂര്‍ പൂരം.
തിരുവമ്പാടി ദേവസ്വം ആനച്ചമയങ്ങള്‍ ഒരുക്കാന്‍ 20 പേരെയാണ് നിയോഗിച്ചിരിക്കുന്നത്. നെറ്റിപ്പട്ടം മിനുക്കുന്ന ജോലി ചെയ്യുന്നത് വെളിയന്നൂര്‍ സ്വദേശി വി.ജി. രവിയാണ്. കഴിഞ്ഞ 26 വര്‍ഷമായി രവി ഈ ജോലി തുടരുന്നു.
15 സെറ്റ് ആലവട്ടങ്ങളും, മണികളും 450 ഓളം വര്‍ണ്ണക്കുടകളും തിരുവമ്പാടി ഒരുക്കിയിട്ടുണ്ട്. ആനച്ചമയങ്ങള്‍ ഒരുക്കാനും മറ്റും പത്ത് ലക്ഷം രൂപ ചെലവ് വരുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി എം. മാധവന്‍കുട്ടി പറഞ്ഞു. ഈ തുക തേക്കിന്‍കാട് മൈതാനത്തില്‍ ഒരുക്കിയ എക്സിബിഷനിലൂടെയാണ് സ്വരൂപിക്കുക.
പാറമേക്കാവ് വിഭാഗത്തിന്റെ ആനച്ചമയങ്ങളുടെ 60 ശതമാനം ജോലികളും പൂര്‍ത്തിയായെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി വി. നന്ദകുമാര്‍ പറഞ്ഞു. കെ.കെ. വസന്തനും കൂട്ടരുമാണ് ആനച്ചമയങ്ങള്‍ ഒരുക്കുന്നത്. പുതുതായി മൂന്ന് നെറ്റിപ്പട്ടങ്ങള്‍ ഒരുക്കുന്നുണ്ട്. വിപണിയില്‍ ഒരു നെറ്റിപ്പട്ടത്തിന് 25,000 രൂപയെങ്കിലും വില വരും. തിടമ്പ് എഴുന്നള്ളിയ്ക്കുന്ന പ്രത്യേക നെറ്റിപ്പട്ടത്തിന് 30,000 മുതല്‍ 35,000 വരെ വില വരും. സ്വര്‍ണ്ണം പൂശിയ 5,500 ചെമ്പ് ഗോളങ്ങളെങ്കിലും ഒരു നെറ്റിപ്പട്ടത്തില്‍ ഉണ്ടാകും.
അഗ്രശാലയില്‍ ഏപ്രില്‍ 28,29 തീയതികളില്‍ പാറമേക്കാവിന്റെ ആനച്ചമയങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കും. തിരുവമ്പാടി വിഭാഗത്തിന്റെ ആനച്ചമയപ്രദര്‍ശനം സിഎംഎസ് സ്കൂളില്‍ ഏപ്രില്‍ 29ന് നടക്കും.
തിരുവമ്പാടി ദേവസ്വവും സിഎംഎസ് സ്കൂളും തമ്മിലുള്ള ബന്ധം പൂരത്തിന്റെ മതമൈത്രിയ്ക്കുള്ള തെളിവാണ്.1883ല്‍ ആണ് ക്രിസ്ത്യന്‍ മിഷണറിമാര്‍ തൃശൂരില്‍ സിഎംഎസ് സ്കൂള്‍ സ്ഥാപിച്ചത്. കഴിഞ്ഞ 100 വര്‍ഷമായി ഇവിടെയാണ് തിരുവമ്പാടി വിഭാഗത്തിന്റെ ആനച്ചമയ പ്രദര്‍ശനം നടക്കുന്നത്.












Click it and Unblock the Notifications