പുഷ്പഗിരി മാനേജ്മെന്റ് സിനിമാ വിതരണത്തിലേക്ക്
തിരുവനന്തപുരം: മെല്‍ ഗിബ്സന്റെ വിവാദ ഹോളിവുഡ് ചിത്രമായ ദി പാഷന്‍ ഒഫ് ദി ക്രൈസ്റിന്റെ കേരളത്തിലെ വിതരണാവകാശം പുഷ്പഗിരി മെഡിയ്ക്കല്‍ കോളെജ് മാനേജ്മെന്റിന്റെ സഹോദരസ്ഥാപനത്തിന് ലഭിച്ചു.
തിരുവല്ലയിലെ മാര്‍ത്ത അത്തനേഷ്യയസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റഡീസിനാണ് ദി പാഷന്‍ ഒഫ് ദി ക്രൈസ്റിന്റെ വിതരണാവകാശം ലഭിച്ചിരിക്കുന്നത്.
മാനേജ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സിനിമാ വിതരണരംഗത്തേക്ക് കടക്കുന്നതെന്ന് മാര്‍ത്ത അത്തനാസിയോസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റഡീസ് ഡയറക്ടര്‍ പി. കെ. എബ്രഹാം പറഞ്ഞു.
കോളജില്‍ മാനേജ്മെന്റ് കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ചലച്ചിത്ര വിതരണത്തെയും വില്പനയെയും കുറിച്ച് നേരിട്ടറിയാന്‍ ഇതിലൂടെ അവസരം ലഭിക്കും. ചലച്ചിത്ര വിതരണരംഗത്തേക്കുള്ള പ്രവേശനം വിജയമാക്കാന്‍ ചലച്ചിത്ര രംഗത്തെ ഒരു കൂട്ടം പേരുടെ സഹായം തേടും.
മെയ് ഒന്നിന് സംസ്ഥാനത്തെ 10 തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. രണ്ട് വര്‍ഷത്തേക്കാണ് വിതരണാവകാശം.
പുഷ്പഗിരി സ്വാശ്രയ മെഡിക്കല്‍ കോളജിലെ പ്രവേശനഫീസ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി നടത്തിയ തുറന്ന പോരിലൂടെ പുഷ്പഗിരി മാനേജ്മെന്റ് നേരത്തെ വിവാദകേന്ദ്രമായിരുന്നു.












Click it and Unblock the Notifications