ഓക്സോഫോര്‍ഡ് നിഘണ്ടുവില്‍ ഹിന്ദി വാക്കുകള്‍
ലണ്ടന്‍: ഓക്സോഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ഏതാനും ഹിന്ദി വാക്കുകള്‍ ഉള്‍പ്പെടുത്തി.
അംഗ്രേസി(ഇംഗ്ലീഷുകാരന്‍), ബദ്മാഷ്(തോന്ന്യാസിയായ, സഭ്യമല്ലാത്ത) തുടങ്ങിയ വാക്കുകളൊക്കെ ഓക്സ്ഫോര്‍ഡ് നിഘണ്ടുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മറ്റ് ഏതാനും ഹിന്ദി വാക്കുകള്‍ കൂടി പുതുതായി പരിഗണിയ്ക്കേണ്ട ഇംഗ്ലീഷ് പദങ്ങളുടെ കോളിന്‍സ് ബാങ്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഛാ(ഒകെ), ആലൂ (ഉരുളക്കിഴങ്ങ്), അരെ (ആശ്ചര്യം പ്രകടിപ്പിയ്ക്കാനുപയോഗിയ്ക്കുന്ന അരെ എന്ന പദം), ഛഡ്ഢി (അണ്ടര്‍വെയര്‍), ദേശി (പ്രാദേശികമായത്), ഫില്‍മി (സിനിമയുമായി ബന്ധപ്പെട്ടത്), വെരി ഫില്‍മി (അങ്ങേയറ്റം നാടകീയത നിറഞ്ഞത്), ഗോറ (വെള്ളക്കാരന്‍), ജംഗ്ളി (സംസ്കാരം ഇല്ലാത്തവന്‍), യാര്‍ (സൗഹൃദം കാണിയ്ക്കാന്‍ വിളിയ്ക്കുന്ന പദം) തുടങ്ങിയ വാക്കുകളും ഇംഗ്ലീഷ് നിഘണ്ഡുവില്‍ ഉള്‍പ്പെടുത്തിയേക്കും.
മറ്റ് ഭാഷകളില്‍ നിന്ന് വാക്കുകള്‍ ഇംഗ്ലീഷിലേക്ക് സ്വീകരിക്കുന്നത് ഒരു സാധാരണ പ്രവണതയാണ്. കോളിന്‍സ് ഡിക്ഷണറീസ് ചീഫ് എഡിറ്റര്‍ ജെറെമി ബട്ടര്‍ഫീല്‍ഡ് പറഞ്ഞു. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇംഗ്ലീഷ് ഭാഷയുടെ വികാസം തന്നെ ഇങ്ങനെ സംഭവിച്ചതാണ്.
നിഘണ്ടുവില്‍ സ്ഥാനം ലഭിക്കുന്നതോടെ മറ്റ് ഭാഷകളിലെ വാക്കുകള്‍ ഇംഗ്ലീഷ് വാക്കുകളായി മാറുകയാണ്. അതുകൊണ്ട് തന്നെ ഇംഗ്ലീഷിനെ ഒരു സങ്കര ഭാഷ എന്ന് വിളിയ്ക്കുന്നതില്‍ പോലും തെറ്റില്ല.- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications