ഹിന്ദുഐക്യവേദി മുഖ്യമന്ത്രിയ്ക്കെതിരെ
കോഴിക്കോട്: മാറാട് കൂട്ടക്കൊലയെക്കുറിച്ച് സിബിഐ അന്വേഷണം നടത്താമെന്ന് സമ്മതിച്ച ശേഷം മുഖ്യമന്ത്രി ഹിന്ദു സമുദായത്തെ വഞ്ചിച്ചുവെന്ന് ഹിന്ദു ഐക്യവേദി. ഏപ്രില്‍ 25 ഞായറാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയത്.
മാറാട് സമാധാനക്കരാര്‍ ഉണ്ടാക്കിയ ശേഷം ആറ് മാസത്തിന് ശേഷം പോലും എന്ത് നടപടികളാണ് സ്വീകരിയ്ക്കുന്നതെന്ന് മുഖ്യമന്ത്രി ഹിന്ദു നേതാക്കളെ അറിയിച്ചില്ല. സമാധാനക്കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് കുമ്മനം കുറ്റപ്പെടുത്തി.
മാറാട് പ്രശ്നത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ റിപ്പോര്‍ട്ട് നല്കിയ കാര്യം ഹിന്ദു നേതാക്കളെ അറിയിച്ചിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നുണയാണ്. മാറാട് ഒത്തുതീര്‍പ്പനുസരിച്ച് സിബിഐ അന്വേഷണം നടത്താമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരുന്നതാണ്. ഈ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല.
ഇപ്പോള്‍ പ്രശ്നത്തെക്കുറിച്ച് മുഖ്യമന്ത്രി പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളാണ് പറയുന്നത്. സിബിഐ അന്വേഷണം നടത്താന്‍ പറ്റില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പക്ഷെ ഇക്കാര്യം ഇതുവരെ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നതാണ് വാസ്തവം. - കുമ്മനം കുറ്റപ്പെടുത്തി.












Click it and Unblock the Notifications