കേരളത്തില്‍ ബിയര്‍ വില്പന കൂടി
കൊച്ചി: കേരള വിനോദസഞ്ചാര കോര്‍പ്പറേഷന്റെ ബിയര്‍ വില്പന കൂടി. മുമ്പത്തെ വര്‍ഷം വിറ്റതിനേക്കാള്‍ കൂടുതല്‍ ബിയറാണ് മാര്‍ച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം കെടിഡിസി വിറ്റത്.
2003-04 സാമ്പത്തികവര്‍ഷം 18 ലക്ഷം ബിയര്‍ ബോട്ടിലുകളാണ് കെടിഡിസി വിറ്റത്. 2002-03 വര്‍ഷം 15 ലക്ഷം ബോട്ടിലായിരുന്നു വിറ്റത്. ജില്ലാടിസ്ഥാനത്തിലുള്ള വില്പനയുടെ കണക്ക് തയ്യാറായിവരികയാണ്. എറണാകുളം ജില്ലയിലാണ് കൂടുതല്‍ ബിയര്‍ വില്പന നടന്നതെന്നാണ് ഏകദേശ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതിനിടെ കൊച്ചി നഗരത്തില്‍ കെടിഡിസിയുടെ ബിയര്‍ പബുകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇപ്പോഴത്തെ നിലയില്‍ കെടിഡിസിക്ക് ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയേ ബിയര്‍ വാങ്ങാന്‍ പറ്റൂ. ബിയര്‍ പബുകള്‍ തുടങ്ങുമ്പോള്‍ കെടിഡിസിക്ക് ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയല്ലാതെ നേരിട്ട് തന്നെ ബിയറെടുക്കേണ്ടിവരും. ഇപ്പോഴത്തെ നിലയില്‍ നിയമം അതിന് അനുവദിക്കുന്നില്ല.
48 മണിക്കൂര്‍ മാത്രം ഉപയോഗക്ഷമതയുള്ള ഡ്രോട്ട് ബിയറാണ് പബുകളില്‍ വിതരണം ചെയ്യുന്നത്. ഡ്രോട്ട് ബിയര്‍ ബിയര്‍ ഉത്പാദന ശാലയില്‍ നിന്ന് നേരിട്ടുതന്നെ പബുകളിലേക്ക് കൊണ്ടുവരേണ്ടിവരും. ഇതിനായി നിലനില്‍ക്കുന്ന എക്സൈസ് നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാണ് കെടിഡിസി ആവശ്യപ്പെടുന്നത്.
ബിയര്‍ നേരിട്ട് കൊണ്ടുവരുന്നതിന് കെടിഡിസി അധികൃതര്‍ ലൈസന്‍സിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇതിനായുള്ള നീക്കങ്ങള്‍ മന്ദഗതിയിലായിരിക്കുകയാണ്.












Click it and Unblock the Notifications