മൂവാറ്റുപുഴയില്‍ മൂന്ന് പി.സി.തോമസുമാര്‍
കൊച്ചി: മൂവാറ്റുപുഴയില്‍ എന്‍ഡിഎയുടെ പ്രതീക്ഷയായ കേന്ദ്രമന്ത്രി പി.സി. തോമസിനെ അപരന്മാര് വേട്ടയാടുന്നു. മൂവാറ്റുപുഴയിലെ ബാലറ്റുപേപ്പറില്‍ ഇക്കുറി മൂന്ന് പി.സി. തോമസുമാര്‍ ഉണ്ടായിരിക്കും. കേന്ദ്രമന്ത്രി പി.സി. തോമസിന് വോട്ട് രേഖപ്പെടുത്താന്‍ നിര്ബന്ധമുള്ളവര് അദ്ദേഹത്തിന്റെ കുടുംബപ്പേര് കൂടി ഓര്ത്തിരിയ്ക്കണമെന്ന് മാത്രം.
വീട്ടുപേരും കൂടി ചേര്‍ത്ത് പി.സി. തോമസ്(പുള്ളോലില്‍) എന്നായിരിക്കും കേന്ദ്രമന്ത്രി പി.സി. തോമസിന്റെ ബാലറ്റ് പേപ്പറിലെ പേര്.
ഈ മണ്ഡലത്തില്‍ മത്സരിയ്ക്കാന്‍ മൂന്ന് പി.സി. തോമസുമാരുള്ളതിനാലാണ് പ്രത്യേകം തിരിച്ചറിയാന്‍ കേന്ദ്രമന്ത്രി പി.സി. തോമസിന്റെ പേരിനൊപ്പം വീട്ടുപേരും കൂടി ചേര്‍ക്കാന്‍ റിട്ടേണിംഗ് ഓഫീസറായ ജില്ലാ കളക്ടര്‍ ഗ്യാനേഷ്കുമാര്‍ തീരുമാനിച്ചത്.
മൂന്ന് പി.സി. തോമസുമാര്‍ മത്സരിയ്ക്കാന്‍ അപേക്ഷ നല്കിയിരുന്നതിനാല് മൂന്ന് മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ് എല്ലാ പി.സി. തോമസുമാരുടെയും പേരിനൊപ്പം വീട്ടുപേര് ചേര്‍ക്കാന്‍ തീരുമാനിച്ചത്.
പല തവണ മത്സരിച്ചു ജയിച്ച തന്റെ സ്ഥാനാര്‍ത്ഥിയുടെ വോട്ട് തട്ടിയെടുക്കാനാണ് തോമസ് ചാക്കോ പീടിയേക്കല്‍ എന്നയാള്‍ പി.സി. തോമസ് എന്ന പേര് മാറ്റി എത്തിയതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി. തോമസിന്റെ അഭിഭാഷകന് വാദിച്ചു. എന്നാല്‍ തന്റെ യഥാര്‍ത്ഥ പേര് അഡ്വ.പി.സി. തോമസ് എന്നാണെന്ന് വാദിച്ച സ്വതന്ത്രസ്ഥാനാര്‍ത്ഥി ഇതിനുള്ള തെളിവും ഹാജരാക്കി. അഡ്വ. പി.സി. തോമസ് (പീടിയേക്കല്‍) എന്നായിരിക്കും സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇയാളുടെ പേര്.
തോമസ് ചാക്കോ എന്ന മറ്റൊരും സ്വതന്ത്രസ്ഥാനാര്‍ത്ഥിയും തന്റെ പേര് ബാലറ്റ് പേപ്പറില്‍ പി.സി. തോമസ് എന്നാക്കണമെന്ന് വാദിച്ചിരുന്നു. ഇദ്ദേഹം ഒടുവില്‍ തന്റെ വാദം തെളിയിക്കാനുള്ള രേഖകളുമായി എത്തിയതോടെ പി.സി. തോമസ്(പാഴിയാങ്കല്‍) എന്ന് ഇദ്ദേഹത്തിന്റെ പേര് ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്താന്‍ തീരുമാനിച്ചു.