രാജ്യസഭ: സുപ്രിം കോടതി നോട്ടീസ് അയച്ചു
ദില്ലി: തിരഞ്ഞെടുപ്പ് നിയമത്തില്‍ ഈയിടെ വരുത്തിയ ഭേഗദതിയ്ക്കെതിരെ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദിപ് നയ്യാര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ സുപ്രിം കോടതി കേന്ദ്രത്തിനും അറ്റോണി ജനറലിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസയച്ചു.
രാജ്യസഭാ സീറ്റുകളിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും മത്സരിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള ജനപ്രാതിനിധ്യ (ഭേദഗതി) നിയമത്തെയാണ് കുല്‍ദിപ് നയ്യാര്‍ സുപ്രിം കോടതിക്ക് അയച്ച കത്തില്‍ ചോദ്യം ചെയ്തത്. ചീഫ് ജസ്റിസ് വി. എന്‍. ഖാരെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഈ കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കുകയായിരുന്നു.
ജൂലൈ 12ഓടെ നോട്ടീസിന് മറുപടി നല്‍കാനാണ് മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
അസമിനെ കുറിച്ചൊന്നും അറിയാനിടയില്ലാത്ത പഞ്ചാബില്‍ നിന്നുള്ള ഒരാള്‍ അസം സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത് പോലുള്ള സ്ഥിതി തീര്‍ത്തും അനുചിതമാണെന്ന് നയ്യാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രഹസ്യ ബാലറ്റ് സമ്പ്രദായം കൊണ്ടുവരുന്നതിനുള്ള നിയമത്തിലെ ഭേദഗതി ചെയ്ത മൂന്നാമത്തെ വിഭാഗത്തെയും നയ്യാര്‍ കത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്.
കേശവാനന്ദ് ഭാരതി കേസില്‍ സുപ്രിം കോടതി ചൂണ്ടിക്കാട്ടിയതു പോലെ ഫെഡറല്‍ സംവിധാനം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ്. ഇതിന് വിരുദ്ധമായാണ് നിയമ ഭേദഗതി വരുത്തിയിരിക്കുന്നത്- കത്തില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications