മാറാട്: കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് മെയ് 28-ന് മൊഴിയെടുക്കും
കോഴിക്കോട്: മാറാട് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയില്‍ നിന്നും മൊഴി എടുക്കും. മെയ് 28ന് കമ്മീഷന്‍ മുമ്പാകെ ഹാജരാവാന്‍ മന്ത്രിയോട് ആവശ്യപ്പെടാന്‍ വ്യാഴാഴ്ച നടന്ന സിറ്റിങ്ങില്‍ തീരുമാനമായി. അരയ സമാജത്തിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പരാതിപ്രകാരമാണ് മന്ത്രിയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
വിചാരണയ്ക്കിടെ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റിനെയും ദേശാഭിമാനി ദിനപത്രത്തെയും കമ്മീഷന്‍ നിശിതമായി ശാസിച്ചു.
മന്ത്രി കുഞ്ഞാലിക്കുട്ടിയില്‍ നിന്നും മാര്‍ച്ച് 12ന് മൊഴി എടുക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.
പിന്നീടത് ഏപ്രില്‍ രണ്ടിലേക്ക് മാറ്റി. ഇതിനിടെ അവധി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ഹര്‍ജി നല്‍കി. വിശ്വഹിന്ദുപരിഷത്ത് ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, അരയസമാജം സെക്രട്ടറി ടി.സുരേഷ് എന്നിവര്‍ നല്‍കിയ മൊഴി പ്രകാരം പ്രതികരണം കൂടി ആരായുന്നവിധത്തില്‍ ആണ് മന്ത്രിയുടെ വിചാരണ നീട്ടിയത്. മുന്‍ കെ.പി.സി.സി. പ്രസിഡന്റും മന്ത്രിയുമായ കെ.മുരളീധരന്റെ മൊഴി എടുക്കുന്നതും കമ്മീഷന്‍ പരിഗണിച്ചിട്ടുണ്ട്. വിശ്വഹിന്ദുപരിഷത്ത് ആണ് ആവശ്യം ഉന്നയിച്ചത്.
കോഴിക്കോട് വികസന അതോറിട്ടി ചെയര്‍മാനും മുസ്ലിംലീഗ് ജില്ലാ ഖജാന്‍ജിയുമായ എം.സി.മായിന്‍ഹാജി കമ്മീഷന് മുമ്പാകെ നല്‍കിയ മൊഴി ശുദ്ധ അസംബന്ധം എന്നു വിശേഷിപ്പിച്ച് ദേശാഭിമാനി ദിനപത്രം നല്‍കിയ പ്രസ്താവനയാണ് ശാസനയ്ക്ക് കാരണമായത്.
പ്രസ്താവന പ്രസിദ്ധീകരിച്ചതിനാണ് ദേശാഭിമാനി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ പി കരുണാകരന്‍ , ചീഫ് എഡിറ്റര്‍ വി. എസ് അച്ചുതാനന്ദന്‍ എന്നിവരെ ശാസിച്ചത്. കമ്മീഷന്‍ രേഖപ്പെടുത്തിയ മൊഴി അസംബന്ധം എന്നു വിശേഷിപ്പിച്ചത് അവഹേളനപരമായി കണ്ടെത്തിയാണ് നടപടി. കമ്മീഷന്റെ വിശ്വാസ്യതയെ ഇകഴ്ത്തുന്ന ഇത്തരം വാര്‍ത്തകള്‍ ആവര്‍ത്തിക്കരുത് എന്ന താക്കീതും നല്‍കി. എം.സി.മായിന്‍ഹാജി മാര്‍ച്ച് നാലിനാണ് കമ്മീഷന് മുമ്പാകെ മൊഴിനല്‍കിയത്. ഇതില്‍ സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയ പ്രവര്‍ത്തനങ്ങളും മാറാട്ട് സംഭവത്തിന് പ്രേരകമായതായി ആരോപിച്ചിരുന്നു. ഈ പ്രശ്നം രാഷ്ട്രീയത്തില്‍ പ്രതിഫലിക്കും എന്ന് ഭയന്ന് വര്‍ഗീയവത്കരിച്ചതായും പറഞ്ഞു. അടുത്തദിവസം സി.പി.എം.ജില്ലാസെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ മായിന്‍ഹാജിയുടെ മൊഴി ശുദ്ധ അസംബന്ധമാണെന്ന് വിശേഷിപ്പിച്ചു. ഈ നടപടികളാണ് ശാസനയ്ക്ക് ഇടയാക്കിയത്. ദേശാഭിമാനി ചീഫ് റിപ്പോര്‍ട്ടര്‍ കെ. പ്രേംനാഥില്‍ നിന്നും വ്യാഴാഴ്ച കമ്മീഷന്‍ മൊഴി എടുത്തു.
സി.പി.എമ്മിനെതിരെ മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ താക്കീത് നല്‍കിയ വിധിക്ക് എതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ജില്ലാ സെക്രട്ടറി വി.വി.ദക്ഷിണാമൂര്‍ത്തി പിന്നീട് വ്യക്തമാക്കി.












Click it and Unblock the Notifications