ആന്റണിയ്ക്കെതിരെ നോട്ടീസ് നല്‍കും: കോടിയേരി
തിരുവനന്തപുരം: മാറാട് പ്രശ്നം പരിഹരിക്കുന്നതിന് വിവിധ സംഘടനകളുമായി ഉണ്ടാക്കിയ കരാറിലെ യഥാര്‍ഥ വ്യവസ്ഥകള്‍ നിയമസഭയില്‍ നിന്ന് മറച്ചുവച്ചതിന് മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കുമെന്ന് സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മാറാട് സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നതു സംബന്ധിച്ച നിയമവശം പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ഇതിന് മുന്നോടിയായി അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടുമെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്. അതേ സമയം സംഘടനകളുമായുണ്ടാക്കിയ കരാറില്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തതിന് ശേഷം നിയമവശം നോക്കി ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. അഡ്വക്കറ്റ് ജനറലിന്റ ഉപദേശം തേടുന്നതു സംബന്ധിച്ച് അതില്‍ പറഞ്ഞിട്ടില്ല.
കരാറില്‍ ഇല്ലാത്ത കാര്യം സഭയില്‍ പറഞ്ഞ് സഭയെ കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് കോടിയേരി ആരോപിച്ചു.
ആരോപണം ഉന്നയിച്ചതിന് താന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഭീഷണി മുഴക്കിയ മുഖ്യമന്ത്രി ജനപ്രതിനിധികളുടെ അവകാശത്തിന്മേല്‍ കടന്നുകയറ്റം നടത്തുകയാണ് ചെയ്യുന്നതെന്ന് കോടിയേരി ആരോപിച്ചു.












Click it and Unblock the Notifications